തന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ഉയർച്ചയ്ക്ക് സഹായകരമായി മാറിയത് വിരാട് കോഹ്ലിയും മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രീയുമാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യസമയത്ത് വളരെ ശാന്തനായി കളിച്ചിരുന്ന രോഹിത് ശർമ, പിന്നീട് ആക്രമണ മനോഭാവം പുറത്തെടുത്ത് മികവ് പുലർത്തുകയുണ്ടായി
ഇക്കാര്യത്തിൽ തന്നെ സഹായിച്ചത് കോഹ്ലിയും ശാസ്ത്രിയുമാണ് എന്ന് രോഹിത് പറയുന്നു. ഇരുവരും തന്നെ ഓപ്പണറാക്കി മാറ്റാൻ വലിയ പരിശ്രമം തന്നെ നടത്തിയിട്ടുണ്ട് എന്ന് രോഹിത് കൂട്ടിച്ചേർത്തു. 2019ലായിരുന്നു രോഹിത് ശർമ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഓപ്പണറായി എത്തിയത്. ഈ സംഭവത്തെ പറ്റിയാണ് രോഹിത് സംസാരിച്ചത്.
“അതെന്റെ ഒരു രണ്ടാം ഇന്നിംഗ്സ് ആയിരുന്നു എന്ന് തന്നെ പറയാം. എനിക്ക് മുൻനിരയിൽ കൂടുതൽ അവസരങ്ങൾ നൽകാൻ രവി ശാസ്ത്രിയും വിരാട് കോഹ്ലിയും തയ്യാറായിരുന്നു. ഇരുവരോടും ഞാൻ നന്ദി പറയുകയാണ്. കാരണം ടെസ്റ്റ് മത്സരങ്ങളിൽ ഇത്തരത്തിൽ ഒരു പ്രമോഷൻ നൽകുക എന്നത് അനായാസ തീരുമാനമായിരുന്നില്ല. അവർ എന്നെ വിശ്വസിച്ചു. അവർ എന്നോട് ഒരു പരിശീലന മത്സരത്തിൽ ഓപ്പണറായി കളിക്കാൻ ആവശ്യപ്പെട്ടു. ഞാനത് ചെയ്തു.”
“പക്ഷേ മത്സരത്തിൽ ഞാൻ ആദ്യ ബോളിൽ തന്നെ പുറത്താവുകയാണ് ഉണ്ടായത്. എന്നാൽ എന്റെ മുൻപിൽ മറ്റു വഴികൾ ഒന്നുമില്ല എന്ന് ഞാൻ മനസ്സിലാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ രണ്ടാം ജനനമാണ് ഇതെന്ന് എനിക്ക് തോന്നി. ലഭിച്ച അവസരം നന്നായി മുതലാക്കാൻ ഞാൻ തീരുമാനിച്ചു. ഓപ്പണിങ്ങിലായാലും അഞ്ചാം നമ്പറിലായാലും ആറാം നമ്പറിലായാലും വാലറ്റത്തായാലും ഞാൻ എന്റേതായ രീതിയിൽ കളിക്കാൻ തീരുമാനിക്കുകയായിരുന്നു.”- രോഹിത് പറഞ്ഞു.
“രവി ശാസ്ത്രിയ്ക്കും വിരാട് കോഹ്ലിക്കും ഞാൻ നൽകിയ മറുപടി വളരെ വ്യക്തമായിരുന്നു. ഞാൻ എന്റെ സ്വാഭാവികമായ മത്സരം കളിക്കുമെന്നാണ് അവരോട് പറഞ്ഞത്. പിടിച്ചു നിൽക്കാനായി സമ്മർദ്ദം പൂർണമായും ഏറ്റെടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ഫ്രീയായി തന്നെ മത്സരങ്ങളിൽ അണിനിരക്കാൻ ഞാൻ ശ്രമിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ആയാലും ഏകദിനമായാലും അവസരം ലഭിച്ചാൽ ആക്രമിച്ചു കളിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. അതിന് എനിക്ക് വേണ്ട സ്വാതന്ത്ര്യം നൽകിയത് അവർ രണ്ടുപേരുമാണ്.”- രോഹിത് കൂട്ടിച്ചേർത്തു.
2015ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ താൻ ഓപ്പണറായി എത്താൻ രവി ശാസ്ത്രി ഒരുപാട് നിർബന്ധിച്ചിരുന്നു എന്ന് രോഹിത് പറഞ്ഞു. “ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപാട് നാൾ ഞാൻ ഓപ്പണറായി കളിക്കണമെന്ന് രവി ശാസ്ത്രിയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. 2015ൽ തന്നെ അദ്ദേഹം എന്നോട് ഇങ്ങനെയൊരു ഓപ്ഷനെപ്പറ്റി സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഞാൻ ഓപ്പണറായി വേണമായിരുന്നു. പക്ഷേ ആ തീരുമാനം ഒരിക്കലും എന്റെ കൈകളിൽ ആയിരുന്നില്ല.”- രോഹിത് പറഞ്ഞു വയ്ക്കുന്നു.