സൗത്താഫ്രിക്കകെതിരെയുള്ള ഏകദിന പരമ്പരയില്‍ ഒരു മത്സരം പോലും വിജയിക്കാതെയാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത്. നേരത്തെ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഏകദിനത്തില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടു. ആവേശകരമായ മത്സരത്തില്‍ 4 റണ്‍സിനായിരുന്നു സൗത്താഫ്രിക്കന്‍ വിജയം. സൗത്താഫ്രിക്ക ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ കനത്ത പരാജയമാണ് മുന്നില്‍ കണ്ടത്. എന്നാല്‍ ലോവര്‍ ഓഡറില്‍ ദീപക്ക് ചഹര്‍ നടത്തിയ ബാറ്റിംഗ് ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കി. പക്ഷേ നിര്‍ണായകമായ വിക്കറ്റുകള്‍ നേടി സൗത്താഫ്രിക്ക വിജയിക്കുകയായിരുന്നു.
ആവേശകരമായ മത്സരമായിരുന്നു എന്ന് പറഞ്ഞ രാഹുല്‍ മത്സരം തോറ്റതില്‍ നിരാശയുണ്ടെന്ന് വ്യക്തമാക്കി. ” ദീപക്ക് ചഹര്‍ മികച്ച അവസരം ഞങ്ങള്‍ക്ക് നല്‍കി. ഞങ്ങള്‍ക്ക് എവിടെയാണ് പിഴച്ചതെന്ന് വ്യക്തമാണ്.ബാറ്റസ്മാന്‍ എന്ന നിലയില്‍ ഞങ്ങളുടെ ഷോട്ട് സെലക്ഷന്‍ വളരെ മോശമായിരുന്നു. ദീര്‍ഘനേരം എതിരാളികളെ സമര്‍ദ്ദത്തിലാക്കാനായില്ലാ ” പരമ്പര കൈവിട്ടത്തിന്‍റെ കാരണം കെല്‍ രാഹുല്‍ വ്യക്തമാക്കി.
” നമ്മുക്ക് എങ്ങനെ മെച്ചപ്പെടാം എന്ന് ഇപ്പോള്‍ തിരിച്ചറിയണം. ഈ തെറ്റുകള്‍ ഇനിയും സംഭവിച്ചേക്കാം. അതില്‍ നിന്നും പഠിക്കുകയും പിന്നീട് ആവര്‍ത്തിക്കില്ലാ എന്നതാണ് പ്രധാനം. ഏകദിനത്തില്‍ ഒരേ തെറ്റുകളാണ് ഞങ്ങള്‍ ആവര്‍ത്തിച്ചത്. നമ്മള്‍ സ്വയം കണ്ണാടിയില്‍ നോക്കി വിലയിരുത്തി സംസാരിക്കണം ” മത്സര ശേഷം കെല്‍ രാഹുല്‍ പറഞ്ഞു.
പര്യടനം മികച്ച രീതിയില്‍ ഒരുക്കിയ ക്രിക്കറ്റ് സൗത്താഫ്രിക്കക്ക് കെല്‍ രാഹുല്‍ നന്ദി പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ഒരുപാട് ഓര്‍മ്മകളുമായാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന – ടി20 പരമ്പരക്കായി കരീബിയന്‍ ടീം ഇന്ത്യയിലെത്തും.