മലയാളി ക്രിക്കറ്റ് ആരാധകരുടെ എല്ലാ പ്രതീക്ഷകൾക്ക് വീണ്ടും സന്തോഷം നൽകി കേരള ടീമിന് വിജയ് ഹസാരെ ട്രോഫിയിൽ വിജയ തുടർച്ച. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ദുർബലരായ ഉത്തരാഖഡ് ടീമിനെ വീഴ്ത്തിയാണ് സഞ്ജുവും ടീമും ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുന്നത്. നേരത്തെ മഹാരാഷ്ട്ര ടീമിനെ അടക്കം തോൽപ്പിച്ച കേരളത്തിന്റെ നാലാം ജയമാണ് ഇത്. നിർണായക മത്സരത്തിൽ ബൗളർമാർക്ക് ഒപ്പം ബാറ്റിംങ് കൂടി മികവ് പുറത്തെടുത്തത് കേരള ടീമിന് കരുത്തായി മാറി.ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഉത്തരാഖഡ് ടോട്ടൽ വെറും 224 റൺസിൽ ഒതുങ്ങിയപ്പോൾ മറുപടി ബാറ്റിംഗിൽ മുൻ നായകൻ സച്ചിൻ ബേബിയുടെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറി കേരളത്തിന് അഞ്ച് വിക്കറ്റ് ജയം ഒരുക്കി
225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരള ടീമിനായി മറുപടി ബാറ്റിംഗിൽ പതിവ് പോലെ ഓപ്പണർമാർ മികച്ച തുടക്കം നൽകി എങ്കിലും ശേഷം വിക്കറ്റുകൾ വീണത് കേരള ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിച്ചു.രോഹൻ 26 റൺസും മുഹമ്മദ് അസറുദ്ധീൻ 10 റൺസുമായി പുറത്തായപ്പോൾ ശേഷം വന്ന നായകൻ സഞ്ജു സാംസൺ 36 പന്തുകളിൽ 33 റൺസുമായി മുന്നേറി.
മൂന്നാം വിക്കറ്റിൽ സച്ചിൻ ബേബിക്ക് ഒപ്പം മികച്ച അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തിയ ശേഷമാണ് കേരള നായകൻ തന്റെ വിക്കറ്റ് നഷ്ടമാക്കിയത്.ശേഷം ഒന്നിച്ച വിഷ്ണു വിനോദ് :സച്ചിൻ ബേബി സഖ്യം ജയം എളുപ്പമാക്കി.25 ബോളിൽ നിന്നും 34 റൺസ് അടിച്ച വിഷ്ണു വിനോദ്, വിനൂപ് (28 റൺസ് ) എന്നിവർ ജയം എളുപ്പമാക്കിയപ്പോൾ 71 പന്തുകളിൽ നിന്നും 83 റൺസ് അടിച്ച സച്ചിൻ ബേബി മത്സരത്തിലെ ഹീറോയായി മാറി.5 വിക്കറ്റ് ജയത്തോടെ ടൂർണമെന്റിലെ തന്നെ മികച്ച ടീമുകളിലൊന്നായി കേരളം മാറി.
അതേസമയം ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഉത്തരാഖഡ് ടീമിന് കൃത്യമായ ഇടവേളകളിൽ എല്ലാം വിക്കറ്റുകൾ നഷ്ടമായത് സ്കോറിങ്ങിനെ ബാധിച്ചു.ഉത്തരാഖഡ് ടീമിനായി നായകൻ ജയ് ബിസ്ത 93 റൺസ് നേടിയെങ്കിലും ഒരിക്കൽ കൂടി കേരള ബൗളർമാർ തിളങ്ങി.നിധീഷ് 3 വിക്കറ്റുകൾ മത്സരത്തിൽ വീഴ്ത്തിയപ്പോൾ മികച്ച ഫോമിലുള്ള ബേസിൽ തമ്പി 2 വിക്കറ്റും ജലജ് സക്സേന, വിനൂപ് എന്നിവർ ഓരോ വിക്കറ്റുമാണ് വീഴ്ത്തിയത്