ഈ ഇന്ത്യൻ ടീം, 2007ലെ ഓസ്ട്രേലിയൻ ടീമിനൊപ്പമെത്തുമോ? ഹർഭജനും ഉത്തപ്പയും പറയുന്നു.

india vs sri lanka 2023 cwc scaled

2023 ഏകദിന ലോകകപ്പിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യൻ ടീം കാഴ്ച വച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ ലീഗ് സ്റ്റേജിലെ 8 മത്സരങ്ങളിലും തുടർച്ചയായി വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ടൂർണമെന്റിൽ പരാജയമറിയാത്ത ഒരേ ഒരു ടീമാണ് ഇന്ത്യ. എതിർ ടീമുകൾക്ക് മേൽ പൂർണമായും ഡോമിനേഷൻ നടത്തിയാണ് ഇന്ത്യ മത്സരങ്ങളിലൊക്കെയും വിജയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ 243 റൺസിന്റെ ഏകപക്ഷീയമായ വിജയവും ഇതിന്റെ ഒരുപടി തന്നെയായിരുന്നു.

മത്സരത്തിലെ വിജയത്തിന് ശേഷം വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നത്. 2007 ലോകകപ്പിലെ ഓസ്ട്രേലിയൻ ടീമാണ് ഇതിനു മുൻപ് ഇത്രയധികം ഡോമിനേഷനോടെ കളിച്ചിട്ടുള്ളത്. ഇപ്പോഴത്തെ ഇന്ത്യൻ ടീം 2007 ലോകകപ്പിലെ ഓസ്ട്രേലിയൻ ടീമിന്റെ അത്ര മികച്ചതാണോ എന്ന ചോദ്യത്തിനുള്ള മറുപടി നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.

തീർച്ചയായും 2023 ഏകദിന ലോകകപ്പിലെ ഇന്ത്യൻ ടീമിനെ 2007 ലോകകപ്പിലെ ഓസ്ട്രേലിയൻ ടീമുമായി ചേർത്തുവയ്ക്കാൻ സാധിക്കും എന്നാണ് ഹർഭജൻസിങ് പറയുന്നത്. ” ആ ഓസ്ട്രേലിയൻ ടീം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു. അത് അവർ മികച്ച പ്രകടനങ്ങളിലൂടെ കാട്ടിത്തരുകയും ചെയ്തിട്ടുണ്ട്. 2007 ലോകകപ്പിൽ ഓസ്ട്രേലിയ പരാജയമറിഞ്ഞിരുന്നില്ല. അവർക്ക് കിരീടം ചൂടാനും സാധിച്ചു. കഴിഞ്ഞ ലോകകപ്പുകളിൽ ഇത്തരത്തിൽ ഡോമിനേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഓസ്ട്രേലിയൻ ടീമിന് സാധിച്ചിരുന്നു. ഇത്തവണത്തെ ഇന്ത്യൻ ടീമും 2007ലെ ഓസ്ട്രേലിയൻ ടീമിന് സമാനമായാണ് ഞാൻ കരുതുന്നത്. ഈ ലോകകപ്പിലെ ഇന്ത്യൻ ടീമിലെ എല്ലാ കളിക്കാരും മാച്ച് വിന്നർമാരാണ്. അവർക്ക് സ്വയമേ ടീമിനെ വിജയിപ്പിക്കാൻ സാധിക്കുന്നു. “- ഹർഭജൻ പറഞ്ഞു.

Read Also -  മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

“ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിച്ചത് രാഹുലായിരുന്നു. ശേഷം ചില മത്സരങ്ങളിൽ വിരാട് കോഹ്ലി ഇന്ത്യയെ വിജയിപ്പിക്കുകയുണ്ടായി. രോഹിത് ശർമ ചില മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വലിയ തുടക്കങ്ങൾ നൽകി. ഇതുപോലെ ലോകകപ്പുകളിൽ ഒരുപാട് ടീമുകൾ ഡോമിനേറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഇനിയും ഈ ലോകകപ്പിൽ അവർ ഇത് തുടരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കണ്ടതിനേക്കാൾ ഏറ്റവും മികച്ച പ്രകടനങ്ങളാണ് ഈ ലോകകപ്പിൽ ഇന്ത്യ പുറത്തെടുത്തിട്ടുള്ളത്. ബോളിങ്ങിലായാലും ബാറ്റിംഗിലായാലും ഫീൽഡിങ്ങിലായാലും ആക്രമണ മനോഭാവത്തിലാണ് ഇന്ത്യയെ കളിക്കുന്നത്.”- ഹർഭജൻ കൂട്ടിച്ചേർത്തു.

മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും ഹർഭജന്റെ ഈ പ്രതികരണത്തോട് അനുകൂലമായാണ് സംസാരിച്ചത്. അന്നത്തെ ഓസ്ട്രേലിയ ടീം അതിശക്തമായിരുന്നുവെന്നും, ഒരുപാട് പരിക്കുകൾക്കിടയിലും ലോകകപ്പിൽ അങ്ങേയറ്റം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ അവർക്ക് സാധിച്ചിരുന്നു എന്നുമാണ് ഉത്തപ്പ പറയുന്നത്. അതേ നിലവാരത്തിൽ തന്നെയാണ് ഇന്ത്യ ഇപ്പോൾ കളിക്കുന്നതെന്ന് ഉത്തപ്പ സമ്മതിക്കുന്നു. ഒരു യൂണിറ്റ് എന്ന നിലയിൽ ടീമിലെ എല്ലാ താരങ്ങൾക്കും മികവ് പുലർത്താൻ സാധിക്കുന്നുണ്ടെന്നും, അത് വരും മത്സരങ്ങളിൽ ഇന്ത്യക്ക് കൂടുതൽ സഹായകരമായി മാറുമെന്നുമാണ് ഉത്തപ്പ കൂട്ടിച്ചേർത്തത്.

Scroll to Top