“ഇത്തവണ ടിവിയല്ല, ഫോണാവും പാകിസ്ഥാൻകാർ തല്ലിപൊട്ടിച്ചത്” പാകിസ്ഥാനെ ട്രോളി ഇർഫാൻ പത്താൻ.

ഓരോ ഇന്ത്യ-പാക് മത്സരത്തിലും വലിയ വാദങ്ങളുമായാണ് പാകിസ്ഥാൻ ആരാധകരും ക്രിക്കറ്റ് ബോർഡും ഇന്ത്യയുടെ മുൻപിലേക്ക് എത്തുന്നത്. വലിയ രീതിയിൽ വെല്ലുവിളികളും വാക്പോരുകളും നടത്താറുള്ള പാകിസ്ഥാൻ താരങ്ങൾ പല മത്സരങ്ങളിലും പരാജയപ്പെട്ടാണ് മടങ്ങാറുള്ളത്. ഇതേ അവസ്ഥ തന്നെയാണ് 2023 ഏഷ്യാകപ്പിലെ സൂപ്പർ 4 മത്സരത്തിലും കാണാൻ സാധിക്കുന്നത്. മത്സരത്തിനു മുൻപ് വലിയ അവകാശവാദങ്ങളുമായി ആയിരുന്നു പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി അടക്കമുള്ളവർ രംഗത്തെത്തിയത്. എന്നാൽ മത്സരശേഷം ആരും തന്നെ യാതൊരു പ്രതികരണത്തിനും മുതിരുന്നില്ല എന്നതാണ് വസ്തുത. ഇപ്പോൾ പാകിസ്ഥാനെതിരെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം ഇർഫാൻ പത്താൻ.

മത്സരശേഷം പാകിസ്ഥാൻ ആരാധകരടക്കം ആരും തന്നെ യാതൊരു പ്രതികരണത്തിനും മുതിരാത്തതിനെയാണ് ഇർഫാൻ പത്താൻ പരിഹസിച്ചത്. വീരവാദങ്ങൾ മുഴക്കി മൈതാനത്തെത്തിയ ആരും മിണ്ടാത്തതിന്റെ സാഹചര്യത്തെ പറ്റി ഇർഫാൻ തന്റെസാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. “മത്സരശേഷം ഇവിടെ പൂർണമായ ഒരു നിശബ്ദതയാണ്.. ഇത്തവണ നമ്മുടെ അയൽവാസികൾ തല്ലിപ്പൊട്ടിച്ചത് ടെലിവിഷനല്ല, മറിച്ച് മൊബൈൽ ഫോണുകളാണ് എന്ന് തോന്നുന്നു.”- ഇർഫാൻ പത്താൻ തന്റെ ട്വിറ്ററിൽ കുറിച്ചു.

ഇർഫാന്റെ ഈ ട്രോളിനെ അനുകൂലിച്ച് ഒരുപാട് കമന്റുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ‘എന്തിനാണ് ഇർഫാൻ പാകിസ്ഥാനെ കൂടുതൽ വിഷമത്തിലാക്കുന്നത്’ എന്നാണ് ആരാധകർ കമന്റ് ആയി കുറിച്ചിരിക്കുന്നത്. ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരത്തിലേക്ക് കടന്നുവന്നാൽ ഒരു അനായാസ വിജയം തന്നെ ഇന്ത്യ നേടിയതായി കാണാൻ സാധിക്കും. പലരും കരുത്തർ എന്ന് വിലയിരുത്തിയ പാകിസ്ഥാൻ ടീമിനെ അനായാസം ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു. മത്സരത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും ഒരേപോലെ തിളങ്ങിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ബാറ്റിംഗിൽ ഇന്ത്യക്കായി വിരാട് കോഹ്ലിയും രാഹുലും തട്ടുപൊളിപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ, ബോളിങ്ങിൽ കുൽദീപ് യാദവിന്റെ ഒരു തിരിച്ചുവരവാണ് കാണാൻ സാധിച്ചത്. പാക്കിസ്ഥാൻ ബാറ്റർമാരെ പൂർണ്ണമായും അടി തെറ്റിച്ചാണ് കുൽദീപ് മടങ്ങിയത്. മത്സരത്തിൽ 8 ഓവറുറുകൾ പന്തറിഞ്ഞ കുൽദീപ് കേവലം 25 റൺസ് മാത്രം വിട്ടു നൽകിയാണ് 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. പലരും ഫ്ലാറ്റ് എന്ന് വിലയിരുത്തിയ കൊളംബോ മൈതാനത്ത് ഒരു അത്ഭുതം തന്നെയായിരുന്നു കുൽദീപ് നടത്തിയത്. വരും മത്സരങ്ങളിലും കുൽദീപ് ഇത്തരത്തിൽ ബോളിംഗ് വിപ്ലവം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.