ഐപിൽ പതിനാലാം സീസണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തോൽവി.ബാറ്റിങ്ങിൽ വമ്പൻ സ്കോർ ഉയർത്തുവാൻ കഴിയാത്തതാണ് മുംബൈ ടീമിന് വീണ്ടും തിരിച്ചടിയാകുന്നത് .ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പവർ പ്ലേയിൽ മുംബൈ ഇന്ത്യൻസിന്റെ മെല്ലെപ്പോക്കിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സസെവാഗ് രംഗത്തെത്തി .പഞ്ചാബ് എതിരായ മത്സരത്തിൽ പവർപ്ലേയിൽ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് മാത്രമാണ് എടുത്തത്. 3 റൺസെടുത്ത ഓപ്പണർ ഡികോക്ക് രണ്ടാം ഓവറിൽ പുറത്തായി .
എന്നാൽ ക്വിന്റൺ ഡീ കോക്ക് പുറത്തായപ്പോൾ വൺ ഡൗണായി ഫോമിലുള്ള സൂര്യകുമാർ യാദവിനെ ഇറക്കാതെ പകരം ഫോം നഷ്ടപ്പെട്ട് ഉഴറുന്ന ഇഷാൻ കിഷനെ ഇറക്കാനുള്ള തീരുമാനത്തെയും മുൻ ഇന്ത്യൻ ഓപ്പണർ രൂക്ഷമായി വിമർശിക്കുന്നു .താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “ഫോമിലുള്ള സൂര്യകുമാറിനെ ഒരുപക്ഷേ വൺ ഡൗണായി കളിപ്പിച്ചിരുന്നെങ്കിൽ മുംബൈക്ക് പവർ പ്ലേയിൽ കൂടുതൽ റൺസ് സ്കോർ ചെയ്യാൻ അനായാസം കഴിയുമായിരുന്നു. ഒരുപക്ഷെ അദ്ദേഹം നേരത്തെ പുറത്തായാലും ഒരു ചാൻസ് എടുക്കാമായിരുന്നു.എന്നാൽ ഇഷാൻ കിഷനെ ഇറക്കിയുള്ള പരീക്ഷണം പാളി എന്നതാണ് സത്യം ” സെവാഗ് അഭിപ്രായം വിശദമാക്കി .
” സീസണിലെ അവസാന മൂന്നോ നാലോ കളിയിൽ പൂർണ്ണമായും മികവിലേക്ക് ഉയരാൻ കഴിയാതിരുന്ന ഇഷാൻ കിഷനെ ഇറക്കി പരീക്ഷണം നടത്തിയ മുംബൈ തീരുമാനം തെറ്റായിപ്പോയി . അതും കഴിഞ്ഞ രണ്ട് മൂന്ന് മത്സരങ്ങളിൽ മികച്ച ബാറ്റിംഗ് പുറത്തെടുക്കുന്ന ഒരു മികച്ച താരത്തെ മാറ്റി നിർത്തിയുള്ള പരീക്ഷണം .സൂര്യകുമാറായിരുന്നു വൺ ഡൗണായി എത്തിയിരുന്നതെങ്കിൽ മുംബൈക്ക് പവർ പ്ലേയിൽ കുറച്ചു കൂടി വേഗത്തിൽ സ്കോർ ചെയ്യാൻ കഴിയുമായിരുന്നു ” വീരു വിമർശനം കടുപ്പിച്ചു .
ഇന്നലെ ഓപ്പണർ ഡികോക്ക് പുറത്തായ ശേഷം ക്രീസിലെത്തിയ ഇഷാൻ കിഷൻ 17 പന്തിൽ 6 റൺസ് മാത്രമാണ് അടിച്ചത്.
സീസണിൽ മികച്ച ബാറ്റിംഗ് ഫോം നിലനിർത്തുന്ന സൂര്യകുമാർ യാദവ് 27 പന്തിൽ 33 റൺസെടുത്ത് പതിനാറാം ഓവറിലാണ് പുറത്തായത്. ക്യാപ്റ്റൻ രോഹിത് ശർമയുമൊത്ത് മൂന്നാം വിക്കറ്റിൽ 79 റൺസ് പാർട്ണർഷിപ് താരം കൂട്ടിച്ചേർത്തിരുന്നു .