ഐപിഎല്ലിലെ ഒരൊറ്റ സീസണിൽ നിന്ന് മാത്രം 1000 റൺസ് നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് താരം റോബിൻ ഉത്തപ്പ. താരത്തിന്റെ ഈ വമ്പൻ ആഗ്രഹം ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചകൾക്കും തുടക്കം കുറിച്ചു .
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് താരമായ അദ്ദേഹം ഇത്തവണ ധോണി നായകനാകുന്ന ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡിൽ ഇടംനേടി .
കഴിഞ്ഞ സീസണിൽ 12 കളിയിൽ 196 റൺസ് മാത്രമാണ് റോബിൻ ഉത്തപ്പക്ക് നേടുവാൻ കഴിഞ്ഞത് .നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നപ്പോൾ 2014ൽ ഉത്തപ്പ സീസണിൽ 660 റൺസ് നേടിയിട്ടുണ്ട്.
ഗംഭീർ ഒപ്പം മികച്ച ബാറ്റിംഗ് കൂട്ടുകെട്ടുകൾ ഉയർത്തിയ ഉത്തപ്പ ഇന്ത്യൻ ടീമിലേക്ക് തന്റെ രണ്ടാം വരവും നടത്തിയിരുന്നു .2007ലെ പ്രഥമ ടി:20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന റോബിൻ ഉത്തപ്പക്ക് പിന്നീട് അന്താരാഷ്ട്ര കരിയറിൽ തിളങ്ങുവാൻ കഴിഞ്ഞില്ല .
2016 ഐപിൽ സീസണിൽ 973 റൺസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. നാല് സെഞ്ചുറികളും ഒപ്പം ഏഴ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയായിരുന്നു കോഹ്ലിയുടെ അപാര ബാറ്റിംഗ് ഫോം .
ഒരു സീസണിൽ 1000 ഐപിൽ റൺസെന്ന നേട്ടം ആര് സ്വന്തമാക്കും എന്ന ആകാംക്ഷയും ചർച്ചയും ക്രിക്കറ്റ് ലോകത്ത് വീണ്ടും നിലനിർത്തുവാൻ ഉത്തപ്പയുടെ അഭിപ്രായത്തിന് കഴിഞ്ഞിട്ടുണ്ട് .
ഐപിഎല്ലിനായി മുംബൈയിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങള്‍ പരിശീലനം തുടങ്ങി. ക്യാപ്റ്റൻ എം എസ് ധോണിയുടെ നേതൃത്വത്തിലാണ് സൂപ്പർ കിംഗ്സിന്റെ ഒരുക്കം. പരിശീലനത്തില്‍ റോബിൻ ഉത്തപ്പയും പങ്കെടുക്കുന്നുണ്ട്. ഐപിഎല്‍ കരിയറില്‍ ഇതുവരെ 189 മത്സരങ്ങള്‍ കളിച്ച ഉത്തപ്പ 24 അര്‍ധ സെഞ്ചുറികള്‍ സഹിതം 4607 റണ്‍സ് നേടിയിട്ടുണ്ട്. നേരത്തെ ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിട്ടുള്ള ഉത്തപ്പയിൽ നിന്നും മറ്റൊരു അപാര ബാറ്റിംഗ് പ്രകടനമാണ് ചെന്നൈ ടീം പ്രതീക്ഷിക്കുന്നത് .താരം ഓപ്പണറായി ചെന്നൈ ടീം പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തുവാനാണ് സാധ്യത .