ഐപിഎല്ലിലെ ആവേശകരമായ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിനു തോല്‍പ്പിച്ചാണ് മഹേന്ദ്ര സിങ്ങ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലാം കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയന്‍ ബ്രാവോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണര്‍മാര്‍ അടിച്ചു തകര്‍ത്തപ്പോള്‍ ബ്രാവോ പന്തെറിയാന്‍ എത്തുകയും, റണ്‍ നിരക്ക് തടയുകയും ചെയ്തിരുന്നു.
ഈ കിരീട വിജയത്തോടെ ഡ്വെയന്‍ ബ്രാവോ 16ാം ടി20 ലീഗ് കിരീടമാണ് നേടിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ടി20 ലീഗുകളില്‍ ഡ്വെയന്‍ ബ്രാവോ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ഈ കിരീട വിജയത്തോടേ ഒരു റെക്കോഡ് നേടിയിരിക്കുകയാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍.
ഏറ്റവും കൂടുതല്‍ ടി20 കിരീട വിജയങ്ങള്‍ എന്ന റെക്കോഡാണ് ബ്രാവോ ഈ മത്സരത്തോടെ സ്വന്തമാക്കിയത്. ഈ മത്സരത്തിനു മുന്‍പായി കൂട്ടുകാരനും ദേശിയ ടീം സഹതാരവുമായ പൊള്ളാര്‍ഡും ബ്രാവോയും 15 കിരീടം നേടി തുല്യത പാലിക്കുകയായിരുന്നു.
മത്സര ശേഷം രസകരമായ കാര്യം ബ്രാവോ പങ്കു വച്ചു. ” ഞാന്‍ ഫോണെടുത്താല്‍ ആദ്യം ചെയ്യാന്‍ പോകുന്നത് കീറോണ്‍ പൊള്ളാര്‍ഡിനെ ഇത് പതിനാറാമത്തെ കിരീടമാണ് എന്ന് അറിയക്കുകയാണ്. ഇനി എന്‍റെ ഒപ്പമെത്താന്‍ അവന് കുറച്ച് കാര്യങ്ങള്‍ ചെയ്യേണ്ടി വരും ” ബ്രാവോ പറഞ്ഞു.
2020 ല്‍ ഏഴാമതായി ഫിനിഷ് ചെയ്ത് ഇത്തവണ കിരീടം നേടിയതിനു പിന്നില്‍ ചെന്നൈ മാനേജ്മെന്‍റിനാണ് ബ്രാവോ ക്രഡിറ്റ് നല്‍കുന്നത്. ഫാഫ് – റുതുരാജ് സംഖ്യത്തിന്‍റെ പ്രകടനവും ബ്രാവോ എടുത്തു പറഞ്ഞു.