വളരെ മോശം പ്രകടനം :ആരാധകരോട് മാപ്പ് -കൊൽക്കത്ത ടീമിന്റെ പ്രകടനത്തിൽ വിമർശനവുമായി ഷാരൂഖ് ഖാൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ശക്തരായ ടീമാണ് മുംബൈ ഇന്ത്യൻസ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലത്തെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  എതിരായ വിജയം .
അനായാസ ജയം നേടുമെന്ന തോന്നിപ്പിച്ച കൊല്‍ക്കത്തയില്‍ നിന്ന് വിജയം പിടിച്ചെടുത്താണ്  മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ വിജയം നേടിയത് .ഒരു ഘട്ടത്തില്‍ പത്ത് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 81 റണ്‍സ് മാത്രം ജയത്തിനായി വേണ്ടിയിരുന്ന  കൊല്‍ക്കത്ത ടീമിന്  പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 20 ഓവറിൽ   7 വിക്കറ്റ് നഷ്ടത്തില്‍ 142 റൺസ് മാത്രമേ  നേടാനായുള്ളു. മുംബൈ  ഇന്ത്യൻസ് ഉയർത്തിയ 152 റൺസ് ഡെത്ത് ഓവറുകളിലെ മോശം ബാറ്റിംഗ് കാരണം കൊൽക്കത്ത ടീമിന് മറികടക്കുവാൻ കഴിഞ്ഞില്ല .

ഇപ്പോഴിതാ കെകെആറിന്റെ  മോശം പ്രകടനത്തിന് ആരാധകരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് സഹ ഉടമയും ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായ ഷാരൂഖ് ഖാന്‍. “ഏറെ നിരാശപ്പെടുത്തുന്ന പ്രകടനം.കെകെആറിന്റെ എല്ലാ ആരാധകരോടും ഞാൻ  മാപ്പ് ചോദിക്കുന്നു ” ഷാരൂഖ് ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചിട്ടു .

കൊൽക്കത്തക്ക് എതിരെ ഇന്നലെ   മുംബൈ ഇന്ത്യൻസ് അവിശ്വസനീയ വിജയം നേടിയെടുത്തത് ബൗളിംഗ് നിരയുടെ കരുത്തിലാണ് .അവസാന 3 ഓവറിൽ 22 റൺസ് മാത്രം ജയിക്കുവാൻ വേണമെന്നിരിക്കെ 18ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ക്രുണാല്‍ പാണ്ട്യ  വിട്ടുകൊടുത്തതോടെ 12 പന്തില്‍ 19 റണ്‍സായിരുന്നു കെകെആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ാം ഓവര്‍ എറിഞ്ഞ ബുംറ വെറും നാല് റണ്‍സ് മാത്രം വഴങ്ങിയതോടെ കൊൽക്കത്ത ടീം സമ്മർദ്ദത്തിലായി .അവസാന ഓവറില്‍ ആന്‍ഡ്രേ റസല്‍,പാറ്റ് കമ്മിന്‍സ് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയ ബോള്‍ട്ട് മത്സരം മുംബൈക്ക് നേടി കൊടുത്തു .നാല് റണ്‍സാണ് 20ാം ഓവറില്‍ ബോള്‍ട്ട് വഴങ്ങിയത്.  4 പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ രാഹുൽ ചഹാറാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് .