ഇത് ഇന്ത്യയാണ്, ഇവിടെ ‘പാകിസ്ഥാൻ കി ജയ്’ വിളിക്കേണ്ട. പാക് ആരാധകനെ വിലക്കി പോലീസ്. വിമർശനം ശക്തം.

2023 ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരത്തിനിടെ വീണ്ടും വിവാദം. ലോകകപ്പിലെ പാക്കിസ്ഥാൻ- ഓസ്ട്രേലിയ മത്സരത്തിനിടെയാണ് ഒരു പോലീസുകാരന്റെ ഇടപെടൽ വലിയ രീതിയിൽ ചർച്ചയായി മാറിയത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ഓസ്ട്രേലിയ- പാക്കിസ്ഥാൻ മത്സരം നടന്നത്. നിർണായക മത്സരമായതിനാൽ തന്നെ ഒരുപാട് ആളുകൾ മത്സരം കാണാൻ എത്തിയിരുന്നു. പാക്കിസ്ഥാന്റെയും ഓസ്ട്രേലിയയുടെയും ആരാധകരാൽ സമ്പൂർണ്ണമായിരുന്നു ഗ്യാലറി. എന്നാൽ ഇതിനിടെ ഗാലറിയിലുണ്ടായ ഒരു അപലപനീയമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഒരു പാക്കിസ്ഥാൻ ആരാധകനോട് പോലീസുകാരൻ നടത്തിയ മോശം പെരുമാറ്റമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

മൈതാനത്ത് കളിക്കുന്ന തന്റെ ടീമിനായി ആർപ്പുവിളികളുമായി എത്തിയതായിരുന്നു പാക്കിസ്ഥാൻ ആരാധകൻ. ഗ്യാലറിയിൽ നിന്ന് “പാകിസ്ഥാൻ സിന്ദാബാദ്” എന്ന് വിളിച്ച ആരാധകനെ പോലീസുകാരൻ വിലക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഗ്യാലറിയിൽ ഇരുന്ന് “പാക്കിസ്ഥാൻ സിന്ദാബാദ്” എന്ന് വിളിക്കരുത് എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. “ഭാരത് മാതാ കീ ജയ്” എന്ന് വിളിച്ചോളൂ എന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. ഇത് ആരാധകൻ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇത് പാക്കിസ്ഥാന്റെ മത്സരമാണെന്നും, പാക്കിസ്ഥാന്റെ മത്സരത്തിൽ എന്താണ് വിളിക്കേണ്ടതെന്നും ആരാധകൻ തിരികെ പോലീസിനോട് ചോദിക്കുന്നു.

നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. മുൻപ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം, ലോകകപ്പിനിടെ ഇന്ത്യൻ ആരാധകരിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടി ഐസിസിക്ക് പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഇന്ത്യൻ പോലീസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു കല്ലുകടി ഉണ്ടായിരിക്കുന്നത്. കായിക മത്സരങ്ങളെ കായിക മത്സരങ്ങളായി തന്നെ കാണൂ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ഇത് യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് ഇന്ത്യൻ ആരാധകർ തന്നെ പറയുന്നു.

ഓസ്ട്രേലിയയുടെ പാകിസ്ഥാനെതിരായ മത്സരത്തിലേക്ക് കടന്നു വന്നാൽ, ടോസ് നേടിയ പാക്കിസ്ഥാൻ ബോളിംഗ് തിരഞ്ഞെടുത്തുകയായിരുന്നു. ഒരു വമ്പൻ തുടക്കം തന്നെയാണ് ഓസ്ട്രേലിയക്ക് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ഡേവിഡ് വാർണറും മിച്ചൽ മാർഷും തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. വാർണർ 163 റൺസും മാർഷ് 121 റൺസുമാണ് നേടിയത്. ഇരുവരുടെയും മികവിൽ ഓസ്ട്രേലിയ നിശ്ചിത 50 ഓവറുകളിൽ 367 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിങ്സ് 305 റൺസിൽ അവസാനിച്ചു. ഇങ്ങനെ മത്സരത്തിൽ ഓസ്ട്രേലിയ 62 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി.

Previous articleപാകിസ്ഥാനിൽ കളിക്കുമ്പോൾ ആരാധകർ എന്റെ കണ്ണിൽ ഇരുമ്പാണി എറിഞ്ഞിട്ടുണ്ട്. ഞങ്ങൾ അതൊരു പ്രശ്നമാക്കിയില്ല. ഇർഫാൻ പത്താൻ പറയുന്നു.
Next articleഇത്തവണയെങ്കിലും കിവികളോട് ഇന്ത്യ ലോകകപ്പിൽ ജയിക്കുമോ?. ഗില്ലിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മറുപടി.