വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരവും സ്വന്തമാക്കി ഇന്ത്യ വെള്ള പൂശി. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ എത്താനാണ് സാധിച്ചത്. നേരത്തെ ഏകദിന പരമ്പരയും ഇന്ത്യ വൈറ്റ് വാഷ് ചെയ്തിരുന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനു വളരെ മോശം തുടക്കമാണ് ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ കെയ്ല്‍ മായേഴ്സ് (5 പന്തില്‍ 6) ഷായി ഹോപ്പ് (4 പന്തില്‍ 8) എന്നിവര്‍ ദീപക്ക് ചഹറിനു ഇരയായി. പവലും നിക്കോളസ് പൂരനും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. 14 പന്തില്‍ 2 വീതം ഫോറും സിക്സുമായി 25 റണ്‍സ് നേടിയ പവലിനെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി.
പിന്നീട് എത്തിയ പൊള്ളാര്‍ഡ് (5), ഹോള്‍ഡര്‍ (2), റോസ്റ്റണ്‍ ചേസ് (12) എന്നിവരെ അതിവേഗം നഷ്ടമായതോടെ വെസ്റ്റ് ഇന്‍ഡീസ് 100 ന് 6 എന്ന നിലയിലേക്ക് വീണു. മറുവശത്ത് വിക്കറ്റ് കാത്തു സൂക്ഷിച്ച നിക്കോളസ് പൂരന്‍ തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധസെഞ്ചുറി കണ്ടെത്തി. എന്നാല്‍ 18ാം ഓവറില്‍ അപകടകാരിയായ നിക്കോളസ് പൂരനെ താക്കൂര്‍ പുറത്താക്കി ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കി. 47 പന്തില്‍ 8 ഫോറും 1 സിക്സും അടക്കം 61 റണ്‍സാണ് നേടിയത്. ഷേപ്പേര്‍ഡുമൊത്ത് 32 പന്തില്‍ 48 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ഷെപ്പേര്‍ഡിനെ (21 പന്തില്‍ 29) പുറത്താക്കി ഹര്‍ഷല്‍ പട്ടേല്‍ വിജയം ഉറപ്പിച്ചു. അവസാന ഓവറില്‍ 23 റണ്‍സ് വേണമെന്നിരിക്കെ 5 റണ്‍സ് മാത്രമാണ് താക്കൂര്‍ വിട്ടു നല്‍കിയത്.ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ദീപക്ക് ചഹര്‍, വെങ്കടേഷ് അയ്യര്‍, താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ 184 റൺസാണ് എടുത്തത്. 150 നു താഴെ പോകുമെന്ന് തോന്നിച്ച സ്കോര്‍ സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യറും ചേര്‍ന്നാണ് 180 കടത്തിയത്. അവസാന പന്തില്‍ സൂര്യകുമാർ പുറത്താവുമ്പോള്‍ ഇരുവരും ചേര്‍ന്ന് 91 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു.
സൂര്യകുമാർ യാദവ് (31 പന്തിൽ 1 ഫോറും 7 സിക്സും അടക്കം 65), വെങ്കിടേഷ് അയ്യർ (19 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 35 നോട്ടൗട്ട്), ഇഷൻ കിഷൻ (31 പന്തിൽ 5 ഫോർ അടക്കം 34), ശ്രേയസ് അയ്യർ (16 പന്തിൽ 4 ഫോർ അടക്കം 25) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. അവസാന മത്സരത്തില്‍ അവസരം ലഭിച്ച റുതുരാജ് ഗെയ്ക്വാദ് (8 പന്തിൽ ഒരു ഫോർ അടക്കം 4), 4–ാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ (15 പന്തിൽ 7) എന്നിവർ നിരാശപ്പെടുത്തി.
വിൻഡീസിനായി ജെയ്സൻ ഹോൾഡർ, റൊമാരിയോ ഷെപ്പേഡ്, റോസ്ടൻ ചേസ്, ഹെയ്ഡൻ വാൽഷ് ജൂനിയർ, ഡൊമിനിക് ഡ്രേക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.