ശ്രീലങ്കകെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ എത്താനാണ് സാധിച്ചത്. ലക്നൗല്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കന്‍ ടീമിനു ആദ്യ ബോളില്‍ തന്നെ പ്രഹരം ലഭിച്ചു. ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ നിസങ്ക ബൗള്‍ഡായി. പിന്നാലെ ശ്രീലങ്കന്‍ താരങ്ങളുടെ പവലിയന്‍ ഘോഷയാത്രയാണ് കണ്ടത്. കാമില്‍ മിഷാര (13), ജനിത് ലിയാങ്കെ (11) ചണ്ഡിമല്‍ (10) ഷനക (3) എന്നിവര്‍ പുറത്തായതോടേ 60 ന് 5 എന്ന നിലയിലായി. പിന്നീട് എത്തിയ കരുണരത്ന (14 പന്തില്‍ 21) ചമീര (14 പന്തില്‍ 24) എന്നിവരെ കൂട്ടു പിടിച്ച് അസലങ്ക കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും ഒരു ഘട്ടത്തിലും ഇന്ത്യക്ക് ഭീക്ഷണി ഉയര്‍ത്തിയില്ലാ. 47 പന്തില്‍ 5 ഫോറുമായി അസലങ്ക പുറത്താവാതെ നിന്നു.
ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചഹലും ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 199 ന് 2 എന്ന കൂറ്റന്‍ സ്കോറില്‍ എത്തി. ഇഷാന്‍ കിഷന്‍, ശ്രേയസ്സ് അയ്യര്‍, രോഹിത് ശര്‍മ്മ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ വന്‍ സ്കോറിലേക്ക് നയിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് 11.5 ഓവറില്‍ 111 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 32 പന്തുകള്‍ നേരിട്ട് രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 44 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. ലഹിരു കുമാര രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
രോഹിത് പുറത്തായെങ്കിലും ആക്രമണം തുടര്‍ന്ന ഇഷാന്‍ കിഷന്‍ സെഞ്ചുറിക്ക് 11 റണ്‍സകലെ വീണു. 56 പന്തുകള്‍ നേരിട്ട് 10 ഫോറും മൂന്ന് സിക്‌സും പറത്തിയ ഇഷാന്‍ 89 റണ്‍സ് നേടി. വെസ്റ്റ് ഇന്‍ഡീസിനെതിരേ മോശം ഫോമിലായിരുന്ന ഇഷാന്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.
ഇഷാന്‍ നിര്‍ത്തിയടത്തു വച്ച് ശ്രേയസ്സ് അയ്യര്‍ ആരംഭിച്ചു. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ശ്രേയസ്സ് അയ്യര്‍ അവസാനം വരെ ക്രീസില്‍ നിന്നു. 28 പന്തില്‍ 5 ഫോറും 2 സിക്സും അടക്കം 57 റണ്‍സാണ് നേടിയത്. സഞ്ജു സാംസണെ പിന്നോട്ട് വലിച്ച് നാലാമനായി രവീന്ദ്ര ജഡേജയ്ക്കാണ് (3) ഇന്ത്യ അവസരം നല്‍കിയത്.
പരമ്പരയിലെ രണ്ടാം മത്സരം ധര്‍മ്മശാലയില്‍ നടക്കും. ശനിയാഴ്ച്ചയാണ് മത്സരം. മൂന്നാം മത്സരം അതേ വേദിയില്‍ ഞായറാഴ്ച്ച നടക്കും