ഫോക്സിനെയും റിഷാബ് പന്തിനേയും വാനോളം പുകഴ്ത്തി ഓസീസ് വിക്കറ്റ് കീപ്പിങ് ഇതിഹാസം

ചെപ്പോക്കിലെ ഏറെ ദുഷ്കരമായ  ടേണിംഗ് ട്രാക്കില്‍ വിക്കറ്റിന് പിന്നിൽ  മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിനെ അഭിനന്ദിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ കൂടിയായ  യുവതാരം റിഷാബ് പന്തിനേയും  വാനോളം അഭിനന്ദിച്ച്  ഓസീസ് വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് രംഗത്തെത്തി .

സ്പിന്നര്‍മാര്‍ക്ക് വളരെയേറെ  ടേണും ബൗണ്‍സും ലഭിച്ച ചെന്നൈ പിച്ചില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച  ബെൻ  ഫോക്സിനെ കഴിഞ്ഞ ദിവസം ഗംഭീരമായി  അഭിനന്ദിച്ച് ഗില്‍ക്രിസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു.വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനമായിരുന്നു ഇംഗ്ലണ്ടിന്റെ പുതുമുഖ താരം ബെൻ  ഫോക്സ് പുറത്തെടുത്തത് എന്നാണ് ആദം  ഗിൽക്രിസ്റ്റിന്റെ  ട്വീറ്റ്.

ശേഷം ചെപ്പോക്ക് ടെസ്റ്റിൽ നാലാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റിന് പിന്നിൽ നിന്ന്  രണ്ട് മനോഹര ക്യാച്ചുകളും രണ്ട്  വേഗതയാർന്ന  സ്റ്റംപിംഗുകളും നടത്തി  റിഷാബ് പന്തും തിളങ്ങിയിരുന്നു . ഇന്നലെ ഫോക്സ്, ഇന്നത് റിഷഭ് പന്ത് എന്നായിരുന്നു ഇതിനെക്കുറിച്ച്  റിഷാബ് പന്തിനെ അഭിനന്ദിച്ച ഗില്ലിയുടെ ട്വീറ്റ്. ഓസീസ് മുൻ താരത്തിന്റെ  അഭിനന്ദനത്തിന് റിഷാബ്  പന്ത്  മറ്റൊരു ട്വീറ്റിലൂടെ തന്റെ  നന്ദി വ്യക്തമാക്കിയിരുന്നു .

അതേസമയം ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ മത്സരശേഷം നായകൻ കോഹ്ലി വിക്കറ്റ് കീപ്പിങ്ങിൽ റിഷാബ് പന്ത് അർപ്പിക്കുന്ന കഠിന അധ്വാനത്തെ ഏറെ പുകഴ്ത്തിയിരുന്നു  .തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ കഠിനമായി പ്രയത്നിച്ച പന്ത് ശരീരഭാരം കുറക്കുകയും വിക്കറ്റിന് പിന്നിലെ ഫൂട്ട്‌വര്‍ക്ക് കൂടുതൽ  മെച്ചപ്പെടുത്തുകയും ചെയ്തുവെന്നും കോലി വ്യക്തമാക്കിയിരുന്നു.  ഒരു കീപ്പറെന്ന നിലയില്‍  റിഷാബ് പന്തിന് ഇനിയുമേറെ കാര്യങ്ങൾ മെച്ചപ്പെടുത്തി മുൻപോട്ട് കൊണ്ടുപോകുവാൻ കഴിയും എന്ന് പറഞ്ഞ കോഹ്ലി  വരും മത്സരങ്ങളിൽ   അത് കൂടുതായി  കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞിരുന്നു .

Previous articleഐപിൽ താരലേലം ഇന്ന് ചെന്നൈയിൽ : മികച്ച താരങ്ങളെ സ്വന്തമാക്കുവാൻ 8 ഫ്രാഞ്ചൈസികളും റെഡി
Next articleതമിഴിൽ തന്റെ ഹോം ഗ്രൗണ്ടിനെ കുറിച്ച് വാചാലനായി അശ്വിൻ :എന്നുടെ ഓരോ ബോളിനും ഇന്ത സ്‌റ്റേഡിയം കൈതട്ടിയത് ഒരു ഭയങ്കരമാന ഫീൽ