ചെപ്പോക്കിൽ ഇന്ത്യൻ പടയോട്ടം :482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി

ആവേശകരമായ  ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്നു . മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട്  ടീം രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലാണ്. രണ്ട് ദിവസം ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ ഇനി 429 റൺസ് കൂടി വേണം. ഇന്ത്യ ഉയർത്തിയ 482 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടരുക എന്നത് ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണ്.

നേരത്തെ 195 റണ്‍സിന്‍റെ  വമ്പൻ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ 85.5 ഓവറില്‍ 286 റൺസിൽ  ഓള്‍ ഔട്ടായി. മൂന്നാം ദിനം തുടക്കത്തിലെ  പെട്ടന് വിക്കറ്റുകൾ നഷ്ടമായ  ഇന്ത്യ  ഒരു ഘട്ടത്തില്‍ 106/6 എന്ന സ്‌കോറിൽ പതറുകയായിരുന്നു .
ശേഷം തകര്‍പ്പന്‍ സെഞ്ചുറിയുമായി അശ്വിനും അര്‍ധ സെഞ്ചുറി നേടിയ കോലിയുമാണ് കൂറ്റന്‍ ലീഡിലേക്ക് ടീമിനെ നയിച്ചത്.  തന്റെ ഹോം ഗ്രൗണ്ടിൽ ബാറ്റിങ്ങിലും മികവ് കാട്ടിയ രവിചന്ദ്രൻ അശ്വിനാണ് (148 പന്തില്‍ 106) ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്‌കോറര്‍.  നേരത്തെ പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക്  ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍  ഉറപ്പിക്കുവാൻ  ഈ മത്സരത്തിലെ  ജയം  അനിവാര്യമാണ് .

മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു .ഓഫ്‌ സ്പിന്നർ മോയിൻ  അലിയെ ക്രീസ് വിട്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച പൂജാരയെ (7) ഷോര്‍ട്ട് ലെഗ് ഫീല്‍ഡര്‍ ഒല്ലീ പോപിന്‍റെ ത്രോയില്‍ വിക്കറ്റിന് പിന്നില്‍ ഫോക്‌സ് റണ്ണൗട്ടാക്കി. ഒരോവറിന്‍റെ ഇടവേളയില്‍ ലീച്ചിന്‍റെ പന്തില്‍  വിക്കറ്റ് കീപ്പർ ഫോക്‌സ് രോഹിത്തിനെയും (26)  സ്റ്റമ്പിങ്ങിലൂടെ മടക്കി.  എന്നാൽ അജിങ്ക്യ രഹാനെയെ
മറികടന്ന്  അഞ്ചാം നമ്പറിൽ  റിഷാബ് പന്തിനെ ഇറക്കിയുള്ള  ഇന്ത്യൻ ടീമിന്റെ പരീക്ഷണം പക്ഷേ  തെറ്റി . ലീച്ചെറിഞ്ഞ 26-ാം ഓവറില്‍ ക്രീസ് വിട്ടിറങ്ങി കൂറ്റനടിക്ക് ശ്രമിച്ചത് പന്തിന് വിനയായി. അനായാസം ഫോക്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യ 65-4. മുപ്പത്തിയൊന്നാം ഓവറില്‍ അലിയുടെ പന്തില്‍ രഹാനെക്ക് (10) പിഴച്ചു. ഇന്‍ഡൈസ് എഡ്‌ജായി ഷോര്‍ട് ലെഗില്‍ ഒല്ലീ പോപിന്‍റെ കൈകളില്‍. ലീഡ് 300 കടന്നതിന് തൊട്ടുപിന്നാലെ അക്‌സര്‍ (7) അലിയുടെ  പന്തിൽ എല്‍ബിയില്‍ കുരുങ്ങി .എന്നാൽ പിന്നീടാണ് ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തായി ഏഴാം വിക്കറ്റിൽ അശ്വിൻ : കോഹ്ലി ജോഡി ഒത്തുചേർന്നത് .

പതിവിൽ നിന്ന് വ്യത്യസ്തമായി ബാറ്റിങ്ങിൽ  പ്രതിരോധത്തിലൂന്നിയ നായകൻ കോഹ്ലി സ്കോറിങ്ങിന് പതിയെ വേഗംകൂട്ടിയപ്പോൾ അശ്വിൻ സ്വീപ് ഷോട്ടും മറ്റും കളിച്ചു അതിവേഗം സ്കോർ കണ്ടെത്തി .148 പന്തുകൾ നേരിട്ട അശ്വിൻ 14 ബൗണ്ടറികളും ഒരു സിക്‌സറും ഉൾപ്പെടെ 106 റൺസ് നേടിയ ശേഷമാണ് പുറത്തായത്. വാലറ്റത്ത് മുഹമ്മദ് സിറാജ് (16*) അശ്വിന് മികച്ച പിന്തുണ നൽകി. രണ്ട് കൂറ്റൻ സിക്‌സറുകളും സിറാജിന്റെ ബാറ്റിൽ നിന്നും പിറന്നു.

റോറി ബേണ്‍സ്(25), ഡൊമനിക് സിബ്ലി(3), നൈറ്റ് വാച്ച്മാനായി എത്തിയ ജാക്ക് ലീച്ച്(0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ രണ്ടും അശ്വിന്‍ ഒരു വിക്കറ്റുമെടുത്തു. ഏഴ് വിക്കറ്റ് ശേഷിക്കെ വിജയലക്ഷ്യത്തിന് 429 റണ്‍സകലെയാണ് ഇംഗ്ലണ്ട്.