അഭിഷേക് ശർമയുടെ ആറാട്ട്. ഇംഗ്ലണ്ടിനെ തുരത്തി ഇന്ത്യൻ യുവനിര.

അഭിഷേക് ശർമയുടെ കൂറ്റൻ വെടിക്കെട്ടിന്റെ ബലത്തിൽ ആദ്യ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ അഭിഷേകിന്റെ ഒറ്റയാൾ പോരാട്ടമാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കാൻ ഇന്ത്യൻ ബോളർമാർക്ക് കഴിഞ്ഞിരുന്നു.

മറുപടി ബാറ്റിംഗിൽ അഭിഷേക് ശർമ തീയായി മാറിയതോടെ മത്സരത്തിൽ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി. 7 വിക്കറ്റുകൾക്കായിരുന്നു മത്സരത്തിലെ ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ പരമ്പരയിൽ 1- 0 എന്ന നിലയിൽ മുൻപിലെത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാണ് ഇന്ത്യയുടെ പേസർമാർ ടീമിന് നൽകിയത്. തുടക്കത്തിൽ തന്നെ അപകടകാരിയായ സോൾട്ടിന്റെയും ഡക്കറ്റിന്റെയും വിക്കറ്റുകൾ സ്വന്തമാക്കാൻ അർഷദീപ് സിംഗിന് സാധിച്ചു. ശേഷം ഇംഗ്ലണ്ടിനായി ക്രീസിലുറച്ചത് നായകൻ ജോസ് ബട്ലറാണ്. മറ്റു ബാറ്റർമാർ പതറിയ മത്സരത്തിൽ ബട്ലർ ഒറ്റയാൾ പോരാട്ടം നയിക്കുകയായിരുന്നു. മത്സരത്തിൽ 44 പന്തുകൾ നേരിട്ട ബട്ലർ 68 റൺസാണ് നേടിയത്. 8 ബൗണ്ടറികളും രണ്ട് സിക്സറുകളും ബട്ലറുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

എന്നാൽ മറ്റു ബാറ്റർമാർ ആരുംതന്നെ മികവ് പുലർത്താതെ വന്നതോടെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് കേവലം 132 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ബോളർമാരൊക്കെയും മികവ് പുലർത്തി. നാലോവറുകളിൽ 23 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയ വരുൺ ചക്രവർത്തിയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഹർദിക് പാണ്ഡ്യ, അക്ഷർ, അർഷദീപ് എന്നിവർ 2 വിക്കറ്റുകൾ വീതം ഇന്ത്യക്കായി സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ഒരു തകർപ്പൻ തുടക്കം തന്നെയാണ് സഞ്ജു സാംസൺ നൽകിയത്.

എന്നാൽ 20 പന്തുകളിൽ 26 റൺസ് നേടിയ സഞ്ജു പുറത്താവുകയായിരുന്നു. ശേഷമാണ് മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ വെടിക്കെട്ട് ആരംഭിച്ചത്. ഇംഗ്ലണ്ട് ബോളർമാരെ പൂർണ്ണമായും അടിച്ചുതുരത്താൻ അഭിഷേകിന് സാധിച്ചു. കേവലം 20 പന്തുകളിലാണ് അഭിഷേക് തന്റെ അർധസെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിന് ശേഷവും അഭിഷേക് മത്സരത്തിൽ വെടിക്കെട്ട് തീർക്കുകയുണ്ടായി. മത്സരത്തിൽ 34 പന്തുകൾ നേരിട്ട അഭിഷേക് 79 റൺസാണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ 7 വിക്കറ്റുകളുടെ കൂറ്റൻ വിജയവും സ്വന്തമാക്കുകയുണ്ടായി.

Previous articleഇംഗ്ലണ്ടിനെതിരെ തുടക്കം മുതലാക്കാതെ സഞ്ജു. 20 പന്തിൽ 26 റൺസ് നേടി മടക്കം.
Next articleഗൗതി ഭായി ഞങ്ങൾക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നു. ടീമിന്റെ എനർജി വിജയത്തിന് കാരണം : സൂര്യകുമാർ