ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ചെന്നൈയിലെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഫോളോഓണ്‍ ഭീഷണി. ഇംഗ്ലണ്ട് ഉയർത്തിയ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 578 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് എന്ന പരിതാപകരമായ നിലയിലാണ്. ഇന്ത്യക്കായി വാഷിംഗ്‍ടണ്‍ സുന്ദര്‍ (33), രവിചന്ദ്രൻ അശ്വിന്‍ (8) എന്നിരാണ് ഇപ്പോൾ ക്രീസില്‍. ഇംഗ്ലണ്ടിന്റെ വലിയ സ്‌കോറിനൊപ്പമെത്താന്‍ ഇനിയും ഇന്ത്യക്ക് 321 റണ്‍സ് കൂടി വേണം. ഫോളോഓണ്‍ ഒഴിവാക്കാന്‍ നാല് വിക്കറ്റ് ശേഷിക്കെ 121 റണ്‍സാണ് ഇന്ത്യക്ക് വേണ്ടത് .
ഇംഗ്ലണ്ട് ബൗളിങ് നിരയുടെ ശക്തമായ ബൗളിംഗാണ് ഇന്ത്യക്ക് പ്രഹരമേല്പിച്ചത് .
ബൗളെർമാർക്ക് യാതൊരു സഹായവും നൽകാത്ത ചെപ്പോക്കിലെ പിച്ചിൽ ഇംഗ്ലണ്ട് ബൗളർമാർ കണിശതയർന്ന രീതിയിൽ പന്തെറിഞ്ഞു . ഓഫ് സ്പിന്നർ ഡോം ബെസ്സിന്റെ നാല് വിക്കറ്റുകളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നടുവൊടിച്ചത് . നായകൻ വിരാട് കോലി (11), ഉപനായകൻ അജിന്‍ക്യ രഹാനെ (1), ചേതേശ്വര്‍ പൂജാര (73), ഋഷഭ് പന്ത് (91) എന്നീ താരങ്ങളെയാണ് ബെസ്സ് പുറത്താക്കിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (29) എന്നിവരെ തുടക്കത്തിൽ തന്നെ ജോഫ്ര ആര്‍ച്ചര്‍ മടക്കിയിരിരുന്നു.
ഇംഗ്ലണ്ടിന്റെ പടുകൂറ്റൻ സ്കോറിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ നാലാം ഓവറിൽ തന്നെ പേസർ അർച്ചർ ഞെട്ടിച്ചു . സ്റ്റമ്പിന് പുറത്തേക്ക് പോയ പന്തിൽ ബാറ്റ് വെച്ച് രോഹിത് സ്വയം ഔട്ട് ആയി .വിക്കറ്റിന് പിന്നിൽ കീപ്പർ ബട്ട്ലർ അനായാസം ക്യാച്ച് കൈപ്പിടിയിൽ ഒതുക്കി .
എന്നാൽ മികച്ച ഷോട്ടുകളോടെ സ്കോറിങ്ങിന് വേഗത കൂട്ടിയ ഗിൽ വലിയൊരു ഇന്നിംഗ്സ് കാഴ്ചവെക്കും എന്ന് ഏവരും കരുതിയെങ്കിലും ഇന്ത്യക്ക് മുൻപിൽ വില്ലനായി ആർച്ചർ വീണ്ടും എത്തി .പത്താം ഓവറിൽ ആൻഡേഴ്സൺ ക്യാച്ച് നൽകി ഗിൽ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് 2 വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് .28 പന്തിൽ 5 ഫോറിന്റെ സഹായത്തോടെ താരം 29 റൺസ് അടിച്ചെടുത്തു .
എന്നാൽ ടെസ്റ്റ് ടീമിലേക്ക് ഇടവേളക്ക് ശേഷം തിരിച്ചെത്തിയ നായകൻ കോഹ്‌ലിക്ക് പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കുവാൻ സാധിച്ചില്ല . 48 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത കോലി ബെസ്സിന്റെ പന്ത് ഫ്രണ്ട്ഫൂട്ടില്‍ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഒല്ലീ പോപ്പിന് ക്യാച്ച് നൽകി മടങ്ങി . പിന്നീടെത്തിയ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് ആറ് പന്ത് മാത്രമായിരുന്നു ആയുസ്സ് .ബെസ്സിന്റെ തൊട്ട് അടുത്ത ഓവറിലാണ് രഹാനെ മടങ്ങിയത്. ബെസ്സിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിക്കുമ്പോല്‍ കവറില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കുകയായിരുന്നു. താരം ഇടത്തെ സൈഡിലേക്ക് പറന്ന് പിടിക്കുകയായിരുന്നു താരം .
ഇതോടെ നാലിന് 73 റൺസെന്ന നിലയില്‍ പരിതാപകരമായ സ്ഥിതിയിലേക്ക് പോയ ഇന്ത്യ ഏറെ പ്രതിരോധത്തിലായെങ്കിലും പന്തിന്റെ കൂറ്റനടികള്‍ ഇന്ത്യൻ ടീമിന് തുണയായി. കേവലം 88 പന്തുകള്‍ മാത്രം നേരിട്ടാണ് പന്ത് 91 റണ്‍സെടുത്തത്. ഇതില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടും. ബെസ്സിനെ അതിര്‍ത്തി കടത്താനുളള ശ്രമത്തില്‍ ഡീപ് കവറില്‍ ലീച്ചിന് ക്യാച്ച് നല്‍കുകയായിരുന്ന പന്ത്. പൂജാരയ്‌ക്കൊപ്പം 119 റണ്‍സ് താരം കൂട്ടിച്ചേര്‍ത്തിരുന്നു.