നിങ്ങൾക്ക് മസാലയാണ് വേണ്ടതെങ്കിൽ വെറുതെ കുഴിച്ച്‌ നോക്കേണ്ട അത് കിട്ടില്ല : കൊഹ്ലിയുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സ് തുറന്ന് രഹാനെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുമായുള്ള  തന്റെ  ഉറ്റ  ബന്ധത്തെക്കുറിച്ച്  ആദ്യമായി മനസ്സ്  തുറന്ന് വൈസ് ക്യാപ്റ്റന്‍ അജിൻക്യ  രഹാനെ. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഉപനായകൻ  രഹാനെ വാചാലനായത്.  ടെസ്റ്റിൽ ക്യാപ്റ്റന്‍സി മാറിയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാരുടെ ശരീരഭാഷയും മാറിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ക്ക് മസാലയാണ് വേണ്ടതെങ്കില്‍ വെറുതെ കുഴിച്ചു നോക്കേണ്ട, നിങ്ങൾ പതിവ് പോലെ  നിരാശരാവേണ്ടിവരുമെന്നായിരുന്നു രഹാനെയുടെ മറുപടി.

“വിരാട് കോലിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നായകന്‍. ഭാവിയിലും അത്  അങ്ങനെ തന്നെയായിരിക്കും. നേരത്തെ  ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ചില സമയങ്ങളില്‍ കളിക്കാര്‍ മുൻപ് നടന്ന  ഓസ്ട്രേലിയക്കെതിരെ കളിച്ച അതേ ഊര്‍ജ്ജത്തോടെ കളിച്ചിട്ടില്ലായിരിക്കാം. അതു പക്ഷെ നായകത്വം  മാറിയത് കൊണ്ടല്ല . ഇതില്‍ നിന്ന്  മസാല കുഴിച്ചെടുക്കാനാണ് നിങ്ങള്‍ ഏവരും  നോക്കുന്നതെങ്കില്‍ നിര്‍ഭാഗ്യവശാല്‍ അത് നിങ്ങള്‍ക്ക് കിട്ടാന്‍ പോവുന്നില്ല. ആദ്യ ടെസ്റ്റില്‍ കളിക്കാരുടെ ശരീരഭാഷ ചിലപ്പോള്‍  മോശമായിരിക്കാം . അത് വിരാട് കോഹ്‌ലിയും പറഞ്ഞതാണ്  അതിന് കാരണം, ആദ്യ രണ്ട് ദിവസവും പിച്ചില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചിരുന്നില്ല എന്നതായിരിക്കാം. മറ്റു പല കാരണങ്ങളുമുണ്ടാകാം.നിങ്ങൾ അതിനെ വേറൊരു തരത്തിലാണ് കാണുന്നത് “രഹാനെ നയം വ്യക്തമാക്കി .

ചേതേശ്വർ  പൂജാരയുടെ ബാറ്റിങ്ങിലെ  മെല്ലെപ്പോക്കിനെതിരെ ഉയര്‍ന്ന ചോദ്യങ്ങളേയും വിമർശനങ്ങളെയും   വാര്‍ത്താ സമ്മേളനത്തിൽ  രഹാനെ പ്രതിരോധിച്ചു. “ഇന്ത്യന്‍ ടീമിലെ ആരും പൂജാരയുടെ മെല്ലെപ്പോക്കിനെ ചോദ്യം ചെയ്തിട്ടില്ല. അതുമാത്രം നോക്കിയാല്‍ മതി. പുറത്ത് നിന്ന് ആരെങ്കിലും  പറയുന്ന അഭിപ്രായങ്ങൾ  ഞങ്ങളെ ഒരിക്കലും  ബാധിക്കില്ല. ടീമില്‍ പൂജാരയുടെ റോള്‍ എന്താണെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.അദ്ദേഹം അത് ഭംഗിയായി നിർവഹിക്കുന്നുമുണ്ട് .ഓസ്ട്രേലിയയിലും ഇന്ത്യയിലും അദ്ദേഹം കളിച്ച രീതി വളരെ പ്രധാനമാണ്. ഞങ്ങള്‍ അദ്ദേഹത്തെ പൂര്‍ണമായും പിന്തുണക്കുന്നു. കരിയറിൽ ഇതുവരെ 80 ടെസ്റ്റുകള്‍ കളിച്ച പൂജാരക്ക് എങ്ങനെ കളിക്കണമെന്ന് വ്യക്തമായി അറിയാം. ഓസ്ട്രേലിയയില്‍ അദ്ദേഹത്തിന്‍റെ ബാറ്റിംഗിനെ ആരും ചോദ്യം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ശൈലി ഇന്ത്യൻ ടീമിന് ഏറെ ഗുണകരവുമാണ് ” രഹാനെ അഭിപ്രായം പറഞ്ഞുനിർത്തി

നേരത്തെ നായകൻ കോഹ്‌ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന 3 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത് അജിൻക്യ രഹാനെയായിരുന്നു . ഓസീസ് മണ്ണിൽ  ഓസ്‌ട്രേലിയയെ തോൽപ്പിച്ച ഇന്ത്യ 2-1 പരമ്പര സ്വന്തമാക്കിയിരുന്നു .


Previous articleസഞ്ജു അടക്കം ബിസിസിഐയുടെ കായികക്ഷമത പരീക്ഷ തോറ്റ ആറ് താരങ്ങൾക്കും ഒരവസരം കൂടി ലഭിക്കും
Next articleഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ : ചെപ്പോക്കിൽ കാണികൾക്ക് പ്രവേശനം