ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് മഹേന്ദ്ര സിങ്ങ് ധോണി. ആരാധകര്‍ ക്യാപ്റ്റന്‍ കൂള്‍, മഹി, തല എന്നീ ഓമനപ്പേരുകള്‍ വിളിക്കുന്ന ധോണിയാണ് ഇന്ത്യന്‍ ക്രിക്കറ്റിനു നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചത്. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2017 ചാംപ്യന്‍സ് ട്രോഫി എന്നിവ ധോണിയുടെ കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇപ്പോഴിതാ ധോണിയെ സൂപ്പര്‍താരമാക്കിയത് ഗാംഗുലിയുടെ ത്യാഗമെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ താരം വിരേന്ദര്‍ സേവാഗ്.
സൗരവ് ഗാംഗുലി അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ ധോണി ഇത്രത്തോളം വലിയ താരമാകാന്‍ സാധിക്കില്ലായിരുന്നു എന്നാണ് സേവാഗ് പറയുന്നത്. 2004 ല്‍ അരങ്ങേറിയ ധോണിക്ക് പ്രതീക്ഷിച്ച പോലെ തിളങ്ങാനായില്ലാ. പലപ്പോഴും അവസാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ എത്തുന്ന ധോണിക്ക് രണ്ടക്കം കടക്കാന്‍ പോലും പാടു പെട്ടു.
അങ്ങനിയിരിക്കെ 2005 ല്‍ മൂന്നാം നമ്പര്‍ ബാറ്റസ്മാനായി ഗാംഗുലി പ്രൊമോട്ട് ചെയ്തതോടെ ധോണിയുടെ കരിയിറില്‍ വഴിത്തിരിവായി. ” അക്കാലഘട്ടത്തില്‍ ഞങ്ങള്‍ പിഞ്ച് ഹിറ്റര്‍മാരെ പരീക്ഷിക്കുന്ന കാലമായിരുന്നു. അന്ന് ധോണിക്ക് മൂന്നാം നമ്പറില്‍ മൂന്നോ നാലോ അവസരം നല്‍കാന്‍ ഗാംഗുലി തീരുമാനിച്ചു. അത് വിജയിച്ചില്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അവസരം നല്‍കാന്‍ കരുതിയിരുന്നു ”
” ചില ക്യാപ്റ്റന്‍മാരെ ഇങ്ങനെ ചെയ്യൂ. ആദ്യം എനിക്കു വേണ്ടി ഓപ്പണിംഗ് സ്ഥാനം ഒഴിഞ്ഞു. പിന്നീട് ധോണിക്ക് വേണ്ടി ആ സ്ഥാനവും. അന്ന് ദാദ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ധോണി ഇന്ന് വലിയ താരമാകില്ലായിരുന്നു ” സേവാഗ് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഐപിഎല്ലില്‍ സജീവമാണ്. 2022 ഐപിഎല്ലില്‍ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കും എന്നറിയിച്ചട്ടുണ്ട്.