ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരം വിജയിച്ച് ആതിഥേയര്‍ മുന്നിലെത്തി. പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ദിനത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യന്‍ ടീം വിജയം നേടിയത്. സ്പിന്‍ കരുത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയ ഇന്ത്യയെ പുതുക്കി പണിത നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യ വിജയം ഇന്ത്യ സ്വന്തമാക്കി. ഈ മത്സരത്തില്‍ തോല്‍വി നേരിട്ടത്തോടെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിന്നും ഇംഗ്ലണ്ട് പുറത്തായി.
ജൂണില്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച ഒരു ടീം ന്യൂസിലന്‍റാണ്. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരക്ക് മുന്‍പ് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ ടീമുകള്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റിലെ തോല്‍വി ഇംഗ്ലണ്ടിന്‍റെ സാധ്യതകള്‍ ഇല്ലാതാക്കി.
നിലവില്‍ ഓസ്ട്രേലിയ, ഇന്ത്യ ടീമുകള്‍ക്ക് മാത്രമാണ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധ്യതയുള്ള ടീമുകള്‍. ഓസ്ട്രേലിയക്ക് ഫൈനല്‍ കളിക്കണമെങ്കില്‍ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിക്കണം. വിജയത്തോടെ പരമ്പര സമനിലയായാല്‍ ഓസ്ട്രേലിയ ഫൈനലില്‍ എത്തും.
അതേ സമയം അവസാന മത്സരത്തില്‍ സമനില മാത്രം മതിയാകും വീരാട് കോഹ്ലിക്കും സംഘത്തിനും ഫൈനലില്‍ പ്രവേശിക്കാന്‍. ലോര്‍ഡ്സിലെ ഫൈനല്‍ കളിക്കാന്‍ ഇന്ത്യയുടെ മുന്നിലുള്ളത് പരാജയം ഒഴിവാക്കുക എന്നത് മാത്രമാണ്.