ഇനി തന്റെ മുഴുവൻ ശ്രദ്ധയും വൈറ്റ് ബോൾ ക്രിക്കറ്റിൽ : ഓസീസ് ടെസ്റ്റ് ടീമിൽ ഇനി സാധ്യതകൾ ഇല്ലെന്ന് തുറന്ന് പറഞ്ഞ് മാക്‌സ്‌വെൽ

ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ്  ടീമിൽ ഇനി തനിക്ക് അവസരം കിട്ടാൻ  സാധ്യതകൾ കുറവെന്ന്  ഗ്ലെൻ മാക്സ്വെൽ. വൈറ്റ് ബോൾ ക്രിക്കറ്റിലായിരിക്കും ഇനി തന്‍റെ മുഴുവൻ  ശ്രദ്ധയെന്നും മാക്സ്വെൽ പറഞ്ഞു. ടെസ്റ്റ് ടീമിൽ പലപ്പോഴും അവസരം കിട്ടിയെങ്കിലും വൈറ്റ് ബോളിലെ മികവ്  ഒരുതരത്തിലും  ആവർത്തിക്കാൻ മാക്സ് വെല്ലിന് ഇതുവരെ  കഴിഞ്ഞിട്ടില്ല .

കാമറൂൺ ഗ്രീൻ, വിൽ പുകോവ്സ്കി, ട്രാവിസ് ഹെഡ് തുടങ്ങിയ  ഒരുപറ്റം താരങ്ങൾ മികച്ച ഫോമിൽ ടെസ്റ്റിൽ  കളിക്കുമ്പോൾ ടെസ്റ്റ് ടീമിനെക്കുറിച്ച് ഇനി ആലോചിച്ചിട്ട് കാര്യമില്ലെന്നും മാക്സ്‌വെൽ വ്യക്തമാക്കി. ഈ വർഷത്തെയും അടുത്തവർഷത്തേയും ട്വന്റി 20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും മികച്ച പ്രകടനം നടത്തുകയാണ് തന്റെ ഇപ്പോഴത്തെ പ്രധാന  ലക്ഷ്യമെന്നും 32 കാരനായ മാക്സ്വെൽ  തുറന്ന് പറഞ്ഞു.

2013ല്‍  ഇന്ത്യക്ക് എതിരെ ടെസ്റ്റില്‍ അരങ്ങേറിയ ഗ്ലെൻ  മാക്സ്‌വെല്‍ ഓസ്ട്രേലിയക്കായി ഇതുവരെ ഏഴ് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചത്.  ഒരു സെഞ്ചുറി അടക്കം 339 റൺസാണ് ഇതുവരെ താരത്തിന്  ടെസ്റ്റില്‍ നേടുവാനായത് .ടെസ്റ്റിൽ   26.1 മാത്രമാണ്  ഓസീസ് താരത്തിന്റെ ബാറ്റിംഗ് ശരാശരി.

നേരത്തെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് മാക്‌സ്‌വെല്‍ കാഴ്ചവെച്ചത്.  ഏകദിനത്തിലും ,ടി:20 മത്സരങ്ങളിലും ഇന്ത്യൻ ബൗളർമാരെ വെടിക്കെട്ട് ശൈലിയിൽ പ്രഹരമേല്പിച്ച മാക്‌സ്‌വെല്ലിന്  പക്ഷേ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം   കാരണം  ടെസ്റ്റ് ടീമിലേക്ക് വഴിതുറക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.  മധ്യനിര ബാറ്റ്സ്മാൻ ട്രാവിസ് ഹെഡ്ഡിനെയും ആൾറൗണ്ടർ  കാമറൂണ്‍ ഗ്രീനിനെയുമാണ് ടെസ്റ്റ് ടീമില്‍ ഓസീസ്  ടീം മാനേജ്‌മന്റ് പരീക്ഷിച്ചത്. ഹെഡ്  ബാറ്റിങ്ങിൽ അമ്പേ പരാജയപ്പെട്ടെങ്കിലും ഗ്രീന്‍  പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയിരുന്നു.

അതേസമയം ഐപിഎല്ലില്‍ കഴിഞ്ഞ സീസൺ വരെ  കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിലെ  താരമായിരുന്ന മാക്സ്‌വെല്ലിന് കഴിഞ്ഞ സീസണില്‍ കാര്യമായി ബാറ്റിങ്ങിൽ  തിളങ്ങാനായിരുന്നില്ല. അടുത്ത സീസണിലെ താരലേലത്തിന് മുന്നോടിയായി മാക്സ്‌വെല്ലിനെ കിംഗ്സ്  ഇലവൻ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു.