ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഹൈദരബാദിനെ തകര്‍ത്ത് സീസണിലെ ആദ്യ മത്സരത്തില്‍ വിജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനു കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിനു നിശ്ചിത 20 ഓവറില്‍ 149 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 61 റണ്‍സിന്‍റെ വിജയമാണ് സഞ്ചുവും കൂട്ടരും നേടിയത്.
വമ്പന്‍ സ്കോറിലേക്ക് മുന്നില്‍ നിന്നും നയിച്ച ക്യാപ്റ്റന്‍ സഞ്ചു സാംസണാണ് മത്സരത്തിലെ താരം. 27 പന്തില്‍ 5 സിക്സും 3 ഫോറും അടക്കം 55 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന രാജസ്ഥാന്‍ റോയല്‍സ് താരം എന്ന റെക്കോഡും മലയാളി താരം നേടിയിരുന്നു.
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സഞ്ചു സാംസണിനെ പ്രശംസിച്ചു മുന്‍ താരങ്ങളടക്കം നിരവധി പേര്‍ എത്തി. മുന്‍ താരങ്ങളായ കൃഷ്ണമാചാരി ശ്രീകാന്ത്, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരെല്ലാം സഞ്ജുവിനെ പ്രകീര്‍ത്തിച്ച രംഗത്തെത്തി.
സഞ്ചുവിന്‍റെ ബാക്ക്ഫുട്ട് ഗെയിമിനെ പുകഴ്ത്തിയാണ് ഇര്‍ഫാന്‍ പത്താന്‍ എത്തിയെങ്കില്‍ സഞ്ചുവിന്‍റെ ബാറ്റിംഗില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനെ തോന്നുന്നില്ല എന്നാണ് മുന്‍ താരവും സെലക്ടറുമായ ശ്രീകാന്ത് പറഞ്ഞത്. ഹര്‍ഭജനും താരത്തിനെ പ്രശംസിച്ച് ട്വിറ്ററില്‍ എത്തി.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഉറപ്പായും സഞ്ചു സാംസണ്‍ ഉണ്ടാകും എന്നാണ് ആരാധകര്‍ പറയുന്നത്. എന്തുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമല്ലാ എന്ന ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.