ഇത്തവണ രോഹിത്തും സംഘവും വിയർക്കും :മുംബൈ ഇന്ത്യൻസിന് മുന്നറിയിപ്പുമായി ലാറ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ആശാവഹമായ ഒരു തുടക്കമല്ല നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് ലഭിച്ചത് .
സീസണിൽ  അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ ഇന്ത്യന്‍സ് നാല് പോയിന്റ് മാത്രമാണ്  ഇതുവരെ നേടിയത് .രോഹിത്തും സംഘവും രണ്ട് മത്സരങ്ങള്‍  മാത്രം ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ദയനീയ പരാജയം വഴങ്ങി .ഐപിഎല്ലിന്റെ ചരിത്രത്തിലെ ആദ്യ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈ പോയിന്റ് പട്ടികയില്‍ ഇപ്പോൾ  നാലാം സ്ഥാനത്താണ്. സീസണിലെ  അവസാന രണ്ട് മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നിവരോട് മുംബൈ  പരാജയപ്പെട്ടു.
ഇതുവരെ സീസണിൽ ചെന്നൈ പിച്ചിൽ മാത്രം കളിച്ച മുംബൈ ഇന്ത്യൻസ് ടീമിന്റെ  ബാക്കി  5മത്സരങ്ങൾ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് .
വേദി മാറ്റത്തിനൊപ്പം വിജയവഴിയിൽ തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് മുംബൈ ക്യാമ്പ് .

എന്നാൽ കാര്യങ്ങൾ ഈ  സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിന് അത്ര എളുപ്പമല്ല എന്നാണ് വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ ഇപ്പോൾ അഭിപ്രായപ്പെടുന്നത്  . ചെന്നൈയിൽ നിന്നുള്ള വേദി മാറ്റം മുംബൈ ടീമിന്റെ  പ്രകടനത്തെ ബാധിക്കുമെന്നാണ് ലാറ അഭിപ്രായപ്പെടുന്നത്. “ഡൽഹി പോലൊരു വേദിയിലേക്ക് ഇനി വരുന്ന മത്സരങ്ങൾ നടക്കുന്ന മുംബൈ നിരയെ ബാധിക്കും .ഈ മാറ്റം മുംബൈ പോലൊരു ടീമിന് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് എന്റെ അഭിപ്രായം “ലാറ തന്റെ പ്രവചനം വിശദമാക്കി .

“യഥാർത്ഥത്തിൽ ഇത്തരം വലിയ  ടൂര്‍ണമെന്റുകളെ കുറിച്ച് നമ്മുക്ക്  ഒന്നും പറയാന്‍ കഴിയില്ല. നിങ്ങൾ നോക്കുക  ബാംഗ്ലൂരിനെ പോലെ സീസണിൽ ഇതുവരെ  ജയിച്ചുകൊണ്ടിരിക്കുന്ന ടീമുകള്‍ക്ക് ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്ക് മാറുമ്പോള്‍ വലിയ പ്രശ്‌നം കാണില്ല. കാരണം അവര്‍ ഇപ്പോൾ ഏറെ  ആത്മവിശ്വാസത്തോടെയാണ് പുതിയ വേദിയിലെത്തുന്നത്. പക്ഷേ മുംബൈ പോലെ തുടർ തോൽവികൾ നേരിട്ട  ആത്മവിശ്വാസമില്ലാത്ത ടീമുകള്‍ക്ക് പുതിയ പിച്ച് ഒരു  വലിയ പ്രശ്‌നമായി തോന്നിയേക്കാം ” ലാറ തന്റെ അഭിപ്രായം വിശദമാക്കി .