ശ്രീലങ്കകെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് വിജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും അശ്വിന്‍ സംഭാവന നല്‍കിയിരുന്നു. മത്സരത്തില്‍ 61 റണ്‍സും 6 വിക്കറ്റും നേടിയിരുന്നു. വിക്കറ്റ് വേട്ടയില്‍ കപില്‍ദേവിനെ മറികടന്നിരുന്നു. ഇനി ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെയാണ് മുന്നിലുള്ളത്.
മത്സരത്തിനു ശേഷം രോഹിത് ശര്‍മ്മ അശ്വിനെ എക്കാലത്തേയും മഹാനായ കളിക്കാരനെന്ന് വിശേഷിപ്പിച്ചിരുന്നു. ”എന്‍റെ കാഴ്ചപ്പാടില്‍ അശ്വിന്‍ എക്കാലത്തെയും മഹാനായ കളിക്കാരനാണ്. രാജ്യത്തിനായി ഇത്രയും കാലം കളിക്കുകയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയും ചെയ്യുകയാണ് അശ്വിന്‍. എത്രയോ മത്സരങ്ങളില്‍ ഇന്ത്യയെ ജയത്തിലെത്തിച്ചിരിക്കുന്നു. ആളുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുണ്ടായിരിക്കാം. പക്ഷെ എന്‍റെ കണ്ണില്‍ അദ്ദേഹം എക്കാലത്തെയും മഹാനായ കളിക്കാരനാണ് എന്നായിരുന്നു രോഹിത്തിന്‍റെ പ്രസ്താവന.
രോഹിത് ശര്‍മ്മയുടെ പ്രസ്താവനക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ നായകനായ റാഷീദ് ലത്തീഫ്. രോഹിത് ശര്‍മ്മയുടെ പ്രസ്താവന വെറും നാക്കുപിഴയാണെന്നാണ് മുന്‍ താരത്തിന്‍റെ വാദം. അശ്വിന്‍റെ വിദേശത്തെ പ്രകടനം നോക്കിയാല്‍ എക്കാലത്തേയും മികച്ച പദവിയില്‍ എത്താന്‍ ഇനിയും സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
”അശ്വിന്‍ മഹാനായ ബൗളറാണെന്നതില്‍ ഒരു സംശയവുമില്ല. അദ്ദേഹത്തിന്‍റെ പന്തുകളില്‍ വരുത്തുന്ന വ്യത്യസ്തകള്‍ അപാരമാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പന്തെറിയുമ്പോള്‍ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച ബൗളറാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ വിദേശ പിച്ചുകളിലെ കാര്യമെടുക്കുമ്പോള്‍ ഞാന്‍ രോഹിത് പറഞ്ഞതിനോട് യോജിക്കില്ല. കാരണം വിദേശത്ത് അശ്വിനെക്കാള്‍ മികവ് കാട്ടിയ ബൗളറാണ് കുംബ്ലെ. എന്തിന് രവീന്ദ്ര ജഡേജ പോലും വിദേശ പിച്ചുകളില്‍ അശ്വിനെക്കാള്‍ മികവ് കാട്ടിയിട്ടുണ്ട്. മുന്‍കാലത്തെ പ്രകടനം കണക്കിലെടുത്താല്‍ ബിഷന്‍ സിംഗ് ബേദിയും വിദേശത്ത് അശ്വിനെക്കാള്‍ മികവ് കാട്ടിയ ബൗളറാണ്
സേനാ രാജ്യങ്ങളില്‍ 24 മത്സരങ്ങളില്‍ നിന്നായി 70 വിക്കറ്റാണ് അശ്വിന്‍റെ നേട്ടം. 39 ശരാശരിയില്‍ വിക്കറ്റ് വീഴ്ത്തുന്ന അശ്വിനു ഇതുവരെ 5 വിക്കറ്റ് നേട്ടം നേടാനായിട്ടില്ലാ. അതേ സമയം ഇന്ത്യയില്‍ സ്ഥിതി വളരെ വിത്യസ്തമാണ്. 50 മത്സരങ്ങളില്‍ നിന്നും 306 വിക്കറ്റ് വീഴ്ത്തിയ താരം 21 ശരാശരിയിലാണ് വിക്കറ്റ് വീഴ്ത്തുന്നത്. 24 തവണ 5 വിക്കറ്റ് നേട്ടവും6 തവണ 10 വിക്കറ്റ് നേട്ടവും കരസ്ഥമാക്കി.
എന്നാല്‍ ഇന്ത്യയിലെ കാര്യം മാത്രമെടുത്താല്‍ രോഹിത് പറഞ്ഞതില്‍ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ അശ്വിനെക്കുറിച്ച് രോഹിത് പറഞ്ഞത് നാക്കുപിഴയാണെന്നാണ് ഞാന്‍ കരുതുന്നത്. ഒരുപക്ഷെ കളിക്കാരെ പ്രചോദിപ്പിക്കാന്‍ പറഞ്ഞതുമാവാമെന്നും ലത്തീഫ് യുട്യൂബ് ചാനലില്‍ പറഞ്ഞു.