കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഹര്‍ഭജന്‍ സിങ്ങ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ലോകത്ത് നിന്നും നിരവധി ആശംസകളാണ് താരത്തിനു ലഭിച്ചത്. സഹതാരവും നിലവിലെ ഇന്ത്യന്‍ ഹെഡ്കോച്ചുമായ രാഹുല്‍ ദ്രാവിഡും താരത്തിനു ആശംസയുമായി എത്തിയിരുന്നു. പലതരം വെല്ലുവിളികളിലൂടെ കടന്നു പോയ താരമാണ് ഹര്‍ഭജന്‍ എന്ന് പറഞ്ഞ ദ്രാവിഡ് താരത്തിനു ആശംസയര്‍പ്പിച്ചു.
” ഇന്ത്യയുടെ എക്കാലത്തേയും മികച്ച പെര്‍ഫോമറാണ് ഹര്‍ഭജന്‍. കരിയറില്‍ ഒരുപാട് വിജയ താഴ്ച്ചകളിലൂടെ താരം കടന്നു പോയത്. നിരവധി വെല്ലുവിളികളെ അതിജീവിച്ചു. ഒരു ടീം മാനായിരുന്നു ഹര്‍ഭജന്‍ ” ദ്രാവിഡ് ഭാജിയെ പ്രശംസിച്ചു.
ഓസ്ട്രേലിയക്കെതിരെയുള്ള 32 വിക്കറ്റ് അരങ്ങേറ്റ പരമ്പര എന്നും ഓര്‍മ്മിപ്പിക്കപ്പെടും എന്നും ദ്രാവിഡ് പറഞ്ഞു. കുംബ്ലെക്കൊപ്പം ഒരുപാട് വിജയങ്ങളിലേക്ക് ഹര്‍ഭജന്‍ നയിച്ചതും ദ്രാവിഡ് ഓര്‍ത്തെടുത്തു. ” മൊഹാലിയില്‍ 18 വയസുള്ളപ്പോള്‍ ഹര്‍ഭജനെ കണ്ടത് ഓര്‍ക്കുന്നു. ആദ്യ നോട്ടത്തില്‍ തന്നെ കഴിവുള്ളവാനാണെന്ന് ബോധ്യമായിരുന്നു. എപ്പോഴും ചിരിച്ച് മുന്‍പിലെത്തുകയും പൊരുതുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ഹര്‍ഭജന്‍ ” ദ്രാവിഡ് കൂട്ടിചേര്‍ത്തു.
1998ല്‍ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഭജന്‍ 101 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റുകള്‍ സ്വന്തമാക്കി. 236 ഏകദിനത്തില്‍ നിന്ന് 269 പേരെ പുറത്താക്കിയപ്പോള്‍ 28 ടി20യില്‍ നിന്ന് 25 വിക്കറ്റുകളും നേടി. 163 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റ് നേടി. 2007, 2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ പ്രധാന താരവുമായിരുന്നു ഭാജി.