ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ റുതുരാജ് ഗെയ്ക്വാദിനെ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ ദിലീപ് വെങ്ങാസ്കര്‍. വിജയ ഹസാര ട്രോഫിയില്‍ ഹാട്രിക്ക് സെഞ്ചുറിയുമായി മികച്ച ഫോമിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തിനു അവസരം ലഭിക്കാന്‍ വളരെയേറ സാധ്യതയാണുള്ളത്. ഇപ്പോള്‍ സെലക്ട് ചെയ്തില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം.
” കരിയറിലെ മികച്ച സമയത്തിലൂടെയാണ് റുതുരാജ് ഗെയ്ക്വാദ് കടന്നു പോകുന്നത്. ഫോമിലുള്ളവരെയാകണം ടീമില്‍ എടുക്കേണ്ടത്. കഴിവു തെളിയിക്കാന്‍ അവന് ഇനി എത്ര റണ്‍സ് എടുക്കണം ? ”
ടീമിലെടുത്താല്‍ മാത്രമല്ലാ ആവശ്യത്തിനു സമയവും യുവതാരത്തിനു നല്‍കണമെന്നും സെലക്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. ഓപ്പണറായും മൂന്നാം നമ്പറിലും ബാറ്റ് ചെയ്യാന്‍ സാധിക്കും. റുതുരാജ് ഗെയ്ക്വാദിനെ എന്തായാലും ഏകദിന ടീമില്‍ എടുക്കണം എന്നാണ് വെങാസ്കറുടെ നിര്‍ദ്ദേശം. ”ഇപ്പോള്‍ അവന് 24 വയസ്സായി. 28 വയസ്സായ ശേഷം താരത്തെ ദേശിയ ടീമില്‍ എടുക്കുന്നതില്‍ അര്‍ത്ഥമില്ലാ ” വെങാസ്കര്‍ വ്യക്തമാക്കി.
ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് നേടിയ താരമായിരുന്നു റുതുരാജ് ഗെയ്ക്വാദ്. വിജയ ഹസാരെ ലീഗ് ഘട്ടത്തിനു ശേഷമാണ് ഏകദിന ടീമിനെ പ്രഖ്യാപിക്കുക. അതിനാല്‍ റുതുരാജ് ഗെയ്ക്വാദിനെ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ക്ക് കഴിയില്ല. ഇതുവരെ 4 മത്സരങ്ങളില്‍ നിന്നും 435 റണ്‍സാണ് മഹാരാഷ്ട്ര താരത്തിന്‍റെ സമ്പാദ്യം.