2022 ഐപിഎല്‍ സീസണിനു മുന്നോടിയായി ഇന്ത്യന്‍ താരം ദീപക്ക് ചഹറിനു പരിക്കേറ്റത് ചെന്നൈ സൂപ്പര്‍ കിംഗ്സിനു തിരിച്ചടി നല്‍കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20 യിലാണ് താരത്തിനു കാലിനു പരിക്കേറ്റത്. മാര്‍ച്ച് 26 ന് ആരംഭിക്കുന്ന ഐപിഎല്ലിന്‍റെ ഭൂരിഭാഗം മത്സരങ്ങളും താരത്തിനു നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് ഭേദമാകാന്‍ നിരവധി ആഴ്ച്ചകള്‍ വേണ്ടി വരും.
ദീപക്ക് ചഹറിന്‍റെ പരിക്കിനെ പറ്റിയുള്ള വിവരത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് കാത്തിരിക്കുകയാണ്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിക്കില്‍ നിന്നും ഭേദമാകാനുള്ള ശുശ്രൂഷയിലാണ് താരം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും വിവരം ലഭിച്ചതിനു ശേഷം മാത്രമേ പകരം താരങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരംഭിക്കുക.
ഇക്കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ വിലയേറിയ ഏറ്റവും രണ്ടാമത്തെ താരമായിരുന്നു ദീപക്ക് ചഹര്‍. ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരബാദ് എന്നീ ടീമുകളോട് മത്സരിച്ചാണ് 14 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ സ്വന്തമാക്കിയത്. ദീപക്ക് ചഹറിന്‍റെ ഓള്‍റൗണ്ട് മികവാണ് ഇത്രയും തുക കിട്ടാനുള്ള കാരണം.
2016 ല്‍ അടിസ്ഥാന വിലയായ 10 ലക്ഷത്തില്‍ റൈസിങ്ങ് പൂനൈ സൂപ്പര്‍ ജയന്‍റസില്‍ നിന്നായിരുന്നു തുടക്കം. 2018 ലേലത്തില്‍ 80 ലക്ഷത്തിനു ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തി. ചെന്നൈക്കായി 58 മത്സരങ്ങളില്‍ നിന്നായി 58 വിക്കറ്റ് വീഴ്ത്തി. അതില്‍ 42ഉം പവര്‍പ്ലേയിലായിരുന്നു.