ഇന്ത്യയെ സംബന്ധിച്ച് ത്രസിപ്പിക്കുന്ന വിജയമാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഉണ്ടായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 137 റൺസിന് തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയുണ്ടായി. മത്സരത്തിന്റെ നല്ലൊരു ശതമാനവും ശ്രീലങ്ക വിജയം സ്വന്തമാക്കുമെന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാർ ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ മത്സരം ഇന്ത്യയുടെ കൈ പിടിയിൽ ഒതുങ്ങുകയായിരുന്നു. വാഷിംഗ്ടൺ സുന്ദറിന്റെ നിർണായകമായ പതിനേഴാം ഓവറും, റിങ്കൂ സിങ്ങിന്റെ 19ആം ഓവറും, നായകൻ സൂര്യകുമാർ യാദവിന്റെ അത്ഭുതകരമായ ഇരുപതാം ഓവറുമാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മത്സരത്തിലെ വിജയത്തെപ്പറ്റി സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.
അവസാന ഓവറിലെ ബോളിങ്ങിനെക്കാൾ മത്സരത്തിലെ വിജയത്തിൽ പ്രധാനമായി മാറിയത് ബാറ്റർമാരുടെ മികവാണ് എന്ന് സൂര്യകുമാർ പറയുകയുണ്ടായി. “ഒരു സമയത്ത് ഞങ്ങൾക്ക് 30 റൺസ് സ്വന്തമാക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായിരുന്നു. അവിടെ ഞങ്ങളുടെ ബാറ്റർമാരൊക്കെയും മികവ് കാട്ടുകയുണ്ടായി. ഈ വിക്കറ്റിൽ 140 എന്നത് ഒരു ശരാശരി സ്കോറായാണ് എനിക്ക് തോന്നിയത്. എന്നിരുന്നാലും എല്ലാത്തരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കും എന്ന് ഞാൻ ടീം അംഗങ്ങളോട് പറഞ്ഞിരുന്നു.”- സൂര്യകുമാർ പറയുന്നു.
“ടീമിലുള്ള യുവതാരങ്ങൾ ഒരുപാട് പ്രതിഭയുള്ളവരാണ്. അവർക്ക് കൃത്യമായ ആത്മവിശ്വാസമുണ്ട്. അതൊക്കെയും എന്റെ ജോലി വളരെ അനായാസം ആക്കുന്നുണ്ട്. എല്ലാവരും വളരെ പോസിറ്റീവ് മനോഭാവത്തോടെയാണ് കളിക്കുന്നത്. മാത്രമല്ല അവിശ്വസനീയമായ രീതിയിൽ മറ്റു താരങ്ങളെ കൃത്യമായി സംരക്ഷിക്കാനും എല്ലാവർക്കും സാധിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിന് ശേഷം കുറച്ചു താരങ്ങൾക്ക് വിശ്രമം അനുവദിക്കുമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു.”
“അതിന് അവർ അങ്ങേയറ്റം തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ അവർ എന്റെ ജോലി അനായാസമാക്കി മാറ്റി. മത്സരത്തിൽ ബാറ്റ് ചെയ്യുന്ന സമയത്ത് ചെറിയ സമ്മർദ്ദം മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്. പരമ്പരയ്ക്ക് മുൻപ് ഞാൻ പറഞ്ഞതുപോലെ തന്നെ, എനിക്ക് ഒരു ക്യാപ്റ്റനാവാനല്ല താല്പര്യം, ഒരു ലീഡറാവാനാണ് ഇഷ്ടം.”- സൂര്യകുമാർ കൂട്ടിച്ചേർത്തു.
അതേസമയം മത്സരത്തിൽ അവിചാരിതമായി ഉണ്ടായ പരാജയത്തിൽ അങ്ങേയറ്റം നിരാശയോടെയാണ് ശ്രീലങ്കൻ നായകൻ അസലങ്ക സംസാരിച്ചത്. മധ്യനിര ബാറ്റർമാരുടെ മോശം പ്രകടനമാണ് മത്സരത്തിൽ വീണ്ടും ആവർത്തിച്ചത് എന്ന് അസലങ്ക പറയുകയുണ്ടായി. മോശം ഷോട്ട് സെലക്ഷനാണ് മത്സരത്തിൽ തങ്ങൾക്ക് തിരിച്ചടിയായത് എന്ന് അസലങ്ക പറയുന്നു. ബാറ്റിംഗ് ഓർഡറിൽ വരുത്തിയ ചില മാറ്റങ്ങളും തങ്ങളെ ബാധിച്ചു എന്നാണ് ശ്രീലങ്കൻ ക്യാപ്റ്റന്റെ വിലയിരുത്തൽ. എന്നിരുന്നാലും വരാനിരിക്കുന്ന 3 ഏകദിനങ്ങളിൽ മികച്ച പ്രകടനം നടത്തി തിരിച്ചുവരാൻ ആകുമെന്ന പ്രതീക്ഷയും ശ്രീലങ്കൻ നായകൻ പങ്കുവയ്ക്കുകയുണ്ടായി.