കന്നിയങ്കം വിജയിച്ചു ശ്രേയസ്സ്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയുടെ പ്രതികാരം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 6 വിക്കറ്റിനു കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ കൊല്‍ക്കത്താ മറികടന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയായിരുന്നു ചെന്നൈ കിരീടം നേടിയത്. ഫൈനലിലെ തനിയാവര്‍ത്തനമായ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്താ പ്രതികരം വീട്ടി. കൊല്‍ക്കത്ത ക്യാപ്റ്റനായി ആദ്യ മത്സരം ശ്രേയസ്സ് അയ്യര്‍ വിജയിച്ചപ്പോള്‍ ആദ്യ മത്സരം നയിക്കുന്ന ജഡേജക്ക് തോല്‍വി അറിയേണ്ടി വന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനു വേണ്ടി എല്ലാ ബാറ്റര്‍മാരും കാര്യമായ സംഭാവന നല്‍കിയപ്പോള്‍ ചേസിങ്ങ് എളുപ്പമായി. അജിങ്ക്യ രഹാനയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിചേര്‍ത്തു. 16 റണ്‍ നേടിയ വെങ്കടേഷ് അയ്യരാണ് ആദ്യം പുറത്തായത്. പിന്നീട് എത്തിയ നിതീഷ് റാണ 17 പന്തില്‍ 21 റണ്‍ നേടി പുറത്തായി.

ക്ലാസിക്ക് ഫോറുകളും സിക്സുമായി മികച്ച പ്രകടനമാണ് രഹാന കാഴ്ച്ചവച്ചത്. 34 പന്തില്‍ 6 ഫോറും ഒരു സിക്സുമടക്കം 44 റണ്‍ നേടി പുറത്തായി

abbaccf5 0c24 4cc7 add2 9f850d89799e

സാം ബില്ലിങ്ങ്സും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് 36 റണ്‍സ് കൂട്ടിചേര്‍ത്തു. 21 പന്തില്‍ 25 റണ്‍സ് നേടിയ സാം ബില്ലിങ്ങ്സ് ബ്രാവോയുടെ പന്തില്‍ മടങ്ങി. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ (20) ഷീല്‍ഡണ്‍ ജാക്സണ്‍ (3) എന്നിവര്‍ പുറത്താകതെ നിന്നു.

9124f242 cb24 4d77 aaec 42e22d4c4df3

ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ബ്രാവോ 3 വിക്കറ്റും, മിച്ചല്‍ സാന്‍റ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന രവീന്ദ്ര ജഡേജയും മഹേന്ദ്ര സിങ്ങ് ധോണിയും ചേര്‍ന്നാണ് മാന്യമായ സ്കോറില്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 56 പന്തില്‍ 70 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. റുതുരാജ് ഗെയ്ക്വാദ് (0) കോണ്‍വേ (3) എന്നിവരെ പുറത്താക്കി ഉമേഷ് യാദവാണ് മികച്ച തുടക്കം നല്‍കിയത്.

0b469315 815a 419d bb7d cd7cc477958c 1

റോബിന്‍ ഉത്തപ്പയും (21 പന്തില്‍ 28) അമ്പാട്ടി റായുഡുവും (17 പന്തില്‍ 15) ചേര്‍ന്ന് മുന്നോട്ട് നയിച്ചെങ്കിലും ഇരുവരുടേയും വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. 3 റണ്‍സ് മാത്രം നേടിയ ശിവം ഡൂബെയും നിരാശപ്പെടുത്തി. പിന്നീടാണ് ജഡേജയും ധോണിയും ഒത്തു ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചത്.

fb056b74 bbcd 41be 9fd8 774270ee8174

പതിയെ തുടങ്ങി അവസാന ഓവറുകളിലാണ് ധോണി വേഗത കൂട്ടിയത്. ജഡേജ 28 പന്തിൽ 26 റൺസ് നേടിയപ്പോൾ എം എസ് ധോണി 38 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം 50 റൺസ് നേടി പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കു വേണ്ടി ഉമേഷ് യാദവ് രണ്ടും വരുണ്‍ ചക്രവര്‍ത്തി, അന്ദ്ര റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.