ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേയോഫ് സാധ്യതകള്‍ നിലനിര്‍ത്തി ശ്രേയസ്സ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം. മത്സരത്തില്‍ 52 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 113 റണ്‍സില്‍ എല്ലാവരും പുറത്തായി.
വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്കായി ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. അര്‍ദ്ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. പാറ്റ് കമ്മിന്‍സ് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 2 വിക്കറ്റ് ആന്ദ്രേ റസ്സല്‍ നേടി. മുംബൈ ഇന്നിംഗ്സിലെ അവസാന 3 വിക്കറ്റും റണ്ണൗട്ടായിരുന്നു.
ഇത്തരം പിച്ചുകളില്‍ റണ്‍സ് ചേസ് ചെയ്യാന്‍ കഴിയുമായിരുന്നു എന്നും എന്നാല്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയെന്നും മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ” ഈ പിച്ചില്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടില്ലാ, ഞങ്ങൾ ഇവിടെ ഞങ്ങളുടെ നാലാമത്തെ മത്സരമാണ് കളിക്കുന്നത്, ഇവിടെ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം. സീം ബൗളർമാർക്ക് പിച്ചിൽ നിന്ന് സഹായം ലഭിക്കുമെന്ന് ഞങ്ങൾക്കറിയാം ”
” ഇത്തരം ചേസിങ്ങ് നടത്തുമ്പോള്‍ പാർട്ണർഷിപ്പുകൾ ആവശ്യമാണ്. എന്നാല്‍ ഞങ്ങൾക്ക് പാർട്ണർഷിപ്പുകൾ ലഭിച്ചില്ല, ” തോല്‍വിക്കുള്ള കാരണം രോഹിത് ശര്‍മ്മ ചൂണ്ടികാട്ടി. കൊല്‍ക്കത്താ ഇന്നിംഗ്സിന്‍റെ രണ്ടാം ഭാഗത്തില്‍ ശക്തമായി തിരിച്ചെത്താന്‍ സഹായിച്ച ബോളിംഗ് യൂണിറ്റിനെ പ്രശംസിക്കാനും രോഹിത് മറന്നില്ലാ.
” ബുംറയും ബോളിംഗ് യൂണിറ്റും വളരെ പ്രയത്നമാണ് നടത്തിയത്. ബാറ്റേഴ്സാണ് ഇന്ന് നിരാശപ്പെടുത്തിയത്. ബാറ്റിംഗ് ബോളിംഗ് വകുപ്പുകള്‍ വേണ്ടത്ര സ്ഥിരത പുലർത്താത്ത ഒരു സീസണാണിത്. ഇന്ന് ഞങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു, പക്ഷേ അത് ചെയ്യാൻ കഴിഞ്ഞില്ല. ” രോഹിത് ശര്‍മ്മ പറഞ്ഞു നിര്‍ത്തി.
സീസണില്‍ മുംബൈയുടെ 9ാം തോല്‍വിയാണ്. ഇതാദ്യമായാണ് മുംബൈ ഒരു സീസണില്‍ 9 മത്സരങ്ങള്‍ തോല്‍ക്കുന്നത്. ചെന്നൈക്കെതിരെയാണ് മുംബൈയുടെ അടുത്ത പോരാട്ടം