അരങ്ങേറ്റ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടി കെയ്ല്‍ മയേഴ്‌സ് : വിൻഡീസ് ടീമിന് ഐതിഹാസിക വിജയം

ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ്  ടെസ്റ്റില്‍ ഐതിഹാസിക വിജയം  സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ഇന്നിങ്‌സില്‍ 395 റൺസെന്ന പടുകൂറ്റൻ  വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 210 റണ്‍സുമായി പുറത്താവാതെ നിന്ന അരങ്ങേറ്റക്കാന്‍ കെയ്ല്‍ മയേഴ്‌സാണ് ഏഷ്യൻ മണ്ണിലെ അസാധ്യ  വിജയം  വിൻഡീസ് ടീമിന്  നേടിക്കൊടുത്തത് .

സ്കോർ : ബംഗ്ലാദേശ് :430&223-8 ഡിക്ലയർ
വെസ്റ്റ് ഇൻഡീസ് :259&395-7

അതേസമയം  ആദ്യമായിട്ടാണ് ഏഷ്യന്‍ പിച്ചില്‍ ഒരു ടീം നാലാം ഇന്നിങ്‌സില്‍ ഇത്രയും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഏക്കാലത്തേയും മികച്ച വിജയങ്ങളില്‍ ഒന്നായിട്ടാണ്  ക്രിക്കറ്റ് പണ്ഡിതര്‍ അടക്കം ഏവരും  വിന്‍ഡീസിന്റെ വിജയത്തെ വിലയിരുത്തുന്നത്.

ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാംദിനം ബംഗ്ലാദേശ് ജയിക്കുമെന്ന് ഏറെക്കുറെ എല്ലാവരും  ഉറപ്പിച്ചതാണ്. സ്പിന്നിനെ ഏറെ സഹായിക്കുന്ന പിച്ചിൽ  അവരുടെ വിശ്വസ്ത  ആൾറൗണ്ടർ ഷാക്കിബ് അല്‍ ഹസന് പരിക്കേറ്റത് ബംഗ്ലാദേശ് ടീമിന് കനത്ത  തിരിച്ചടിയായി. പന്തെറിയുവാൻ  അവര്‍ക്ക് ഒരു സ്പിന്നര്‍ കുറവായിരുന്നു. ഒരുഘട്ടത്തില്‍  3 വിക്കറ്റ് നഷ്ടത്തിൽ 59 റൺസ്  എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട  വിന്‍ഡീസ് ടീമിന് കരുത്തായത് പിന്നീട്  നാലാം വിക്കറ്റിൽ ഒത്തുച്ചേര്‍ന്ന ക്രുമാ ബോന്നര്‍ (86)- മയേഴ്‌സ് (210) സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 215 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായതും ഈ കൂട്ടുകെട്ട് തന്നെ.  ടീമിലെ മറ്റൊരു അരങ്ങേറ്റക്കാരനായ ബോന്നര്‍ മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച്  മയേഴുസ്   വിന്‍ഡീസ് വിജയം കൂടുതൽ  എളുപ്പമാക്കി. മെഹദി ഹസന്‍ ബംഗ്ലാദേസിനായി  രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തി.താരം നേരത്തെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി അടിച്ചിരുന്നു .

ഒരുപിടി റെക്കോർഡുകളും മത്സരത്തിൽ പിറന്നു .അരങ്ങേറ്റ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായിരിക്കുകയാണ് മയേര്‍സ്. ടിപ് ഫോസ്റ്റര്‍ (ഇംഗ്ലണ്ട്- 287), ജാക്വസ് റുഡോള്‍ഫ് (ദക്ഷിണാഫ്രിക്ക- 222), ലോറന്‍സ് റൗ (ദക്ഷിണാഫ്രിക്ക- 214), മാത്യൂ സില്‍ക്ലയര്‍ (ന്യൂസിലന്‍ഡ്- 214) എന്നിവര്‍ക്ക് പിന്നിലാണ് മയേഴ്‌സ്.

നാലാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടുന്ന അപൂര്‍വം താരങ്ങളില്‍ ഒരാളാവാനും മയേഴ്‌സിന് സാധിച്ചു. ജോര്‍ജ് ഹെഡ്‌ലി (ഇംഗ്ലണ്ട്- 223), നഥാന്‍ ആസ്റ്റലെ (ന്യൂസിലന്‍ഡ്- 222), സുനില്‍ ഗവാസ്‌കര്‍ (ഇന്ത്യ- 221), ബില്‍ എഡ്രിച്ച്് (ഇംഗ്ലണ്ട്- 219), ഗോര്‍ഡന്‍ ഗ്രീനിഡ്ജ് (വെസ്റ്റ് ഇന്‍ഡീസ്- 214) എന്നിവരാണ് മറ്റുതാരങ്ങള്‍.

Previous articleഇംഗ്ലണ്ട് ബൗളിങ്ങിന് മുൻപിൽ പതുങ്ങി ഇന്ത്യൻ ബാറ്റിംഗ് : മൂന്നാം ദിനം ഇന്ത്യക്ക് ഫോളോഓണ്‍ ഭീഷണി
Next articleകുൽദീപിനെ ചെപ്പോക്കിൽ കളിപ്പിക്കാഞ്ഞത് മണ്ടത്തരം : ഇന്ത്യൻ ടീമിനെ വിമർശിച്ച്‌ ഹർഭജൻ സിംഗ്