വീണ്ടും ജയിച്ച് ഓസീസ് വനിതകൾ : സ്വന്തമാക്കിയത് തുടർ വിജയങ്ങളുടെ അപൂർവ്വ റെക്കോർഡ്

ന്യൂസിലാൻഡിനെതിരായ  ഏകദിന ക്രിക്കറ്റ്  പരമ്പരയില്‍ മിന്നും വിജയം സ്വന്തമാക്കി ഓസീസ് വനിതാ ടീം . ഇന്ന് ബേ ഓവലില്‍ നടന്ന പരമ്പരയിലെ  ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ടീമിനെ  48.5 ഓവറില്‍ 212 റണ്‍സിന് എല്ലാവരെയും പുറത്താക്കിയ ഓസീസ് ടീം കിവീസ്  ലക്ഷ്യം അനായാസം  38.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിൽ  മറികടന്നു .

മത്സരത്തിലെ വിജയം ഓസീസ് വനിതാ ടീമിന് ഒരപൂർവ്വ റെക്കോർഡും അവർക്ക്  സമ്മാനിച്ചു .ഏകദിനത്തില്‍ തുടര്‍ച്ചയായ 22ാം വിജയം എന്ന റെക്കോര്‍ഡ് നേട്ടം  ഇന്നത്തെ വിജയത്തോടെ  ഓസീസ്  വനിതകള്‍ സ്വന്തമാക്കി. റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പുരുഷ ടീം നേടിയ 21  തുടർ മത്സരങ്ങളിലെ വിജയത്തിന്റെ   റെക്കോര്‍ഡാണ് ഓസീസ്  വനിതകള്‍ മറികടന്നത് .ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ തുടർ ഏകദിന വിജയങ്ങൾ നേടിയ ടീമായി ഓസ്‌ട്രേലിയൻ വനിതകൾ മാറി .

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് ബാറ്റിംഗ് നിരയിൽ ഓപ്പണര്‍ ലൗറന്‍ ഡൗണ്‍ 90 റണ്‍സുമായി പിടിച്ച് നിന്നുവെങ്കിലും മറ്റ് താരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണയില്ലാതെ  വന്നതോടെ വലിയ സ്കോർ നേടുവാൻ കഴിഞ്ഞില്ല .ആമി സാത്തെര്‍ത്ത്വൈറ്റ്(32), അമേലിയ കെര്‍(33) എന്നിവരാണ് കിവീസ് ടീമിലെ മറ്റ് സ്കോറർമാർ .
ഓസീസ് ബൗളിംഗ് നിരയിൽ മെഗാന്‍ ഷൂട്ട് 4 വിക്കറ്റും നിക്കോള കാറെ മൂന്ന് വിക്കറ്റും വീഴ്ത്തി .