സച്ചിന്‍റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നിന്നും പുറത്ത്.

ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ മകനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്ക്വാഡില്‍ നിന്നും ഒഴിവാക്കി. പരിശീലനത്തിനിടെ സംഭവിച്ച പരിക്കാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ ഒഴിവാക്കാന്‍ കാരണം. പകരക്കാരനായി വലംകൈയ്യന്‍ മീഡിയം പേസ് ബോളര്‍ സിമ്രജിത്ത് സിങ്ങിനെ മുംബൈ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. പുതിയ താരം ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി ടീമിനൊടൊപ്പം പരിശീലനം ആരംഭിച്ചു.

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഈ സീസണില്‍ ഇതുവരെ മുംബൈ ഇന്ത്യന്‍സ് പ്ലേയിങ്ങ് ഇലവനില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് അവസരം ലഭിച്ചട്ടില്ലാ. പരിക്ക് കാരണം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായതോടെ ഇനി അടുത്ത സീസണ്‍ വരെ ഐപിഎല്ലിനായി കാത്തിരിക്കണം.

പകരക്കാരനായി എത്തുന്ന സിമ്രജിത്ത് സിങ്ങ് ഡല്‍ഹി താരമാണ്. ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ നെറ്റ് ബോളറായി ഭാഗമായിരുന്നു. 15 ടി20 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റാണ് സിമ്രജിത്ത് സിങ്ങ് നേടിയട്ടുള്ളത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.