ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്ഥിരം നായകനായ വീരാട് കോഹ്ലിക്ക് പകരം അജിങ്ക്യ രഹാനയാണ് ടീമിനെ നയിക്കുക. പരമ്പരക്ക് മുന്‍പ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍, അജിങ്ക്യ രഹാനയെ അടക്കം വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. വീരാട് കോഹ്ലി ഇല്ലാത്തത് കാരണം മാത്രമാണ് രഹാനെ ടീമിലിടം നേടിയെതെന്നാണ് ഗംഭീര്‍ വിമര്‍ശിച്ചത്.
ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അജിങ്ക്യ രഹാനെ. ഫോമില്‍ ആശങ്ക ഇല്ലെന്നും ടീമിനു വേണ്ടി എങ്ങനെ സംഭാവന നല്‍കാമെന്നാണ് തന്‍റെ ചിന്തയെന്നും രഹാനെ പറഞ്ഞു. എല്ലാ കളിയിലും സെഞ്ചുറി നേടണമെന്നില്ലാ. നിര്‍ണായക നിമിഷങ്ങളില്‍ 30-40 റണ്‍സോ അല്ലെങ്കില്‍ 50-60 റണ്‍സ് നേടുകയെന്നതും വളരെ പ്രാധാന്യമാണ്.
ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് ഞാന്‍ ചിന്തിക്കാറില്ലാ എന്നും ടീമിനെക്കുറിച്ചാണ് കരുതുന്നതെന്നും രഹാന പറഞ്ഞു. ” സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. ഈ നിമിഷത്തിൽ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതിൽ മാത്രമാണ് എന്റെ ശ്രദ്ധ, അതാണ് ഞാൻ ശ്രമിക്കാൻ പോകുന്നത്.”
ബാറ്റ് ചെയ്യുമ്പോള്‍ ബാറ്ററായും അതിനു ശേഷമായിരിക്കും ക്യാപ്റ്റന്‍സി ആരംഭിക്കുക എന്നും രഹാന കൂട്ടിചേര്‍ത്തു. ന്യൂസിലന്‍റിനെതിരെയുള്ള മത്സരത്തില്‍ പൂജാരയാണ് വൈസ് ക്യാപ്റ്റന്‍. അജിങ്ക്യ രഹാനെ ഇതുവരെ അഞ്ചു മത്സരങ്ങളിലാണ് നയിച്ചത്. അതില്‍ 4 മത്സരം വിജയിച്ചപ്പോള്‍ 1 മത്സരം സമനിലയിലായി.