ടി20 ലോകകപ്പിനു മുന്നോടിയായി എല്ലാ ടീമുകള്‍ക്കും പരിശീലന മത്സരം ഒരുക്കിയട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ പരിശീലന മത്സരം. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ച്ചവച്ചത്. എന്നാല്‍ ഐപിഎല്ലിലെ മോശം ഫോം ഇന്ത്യന്‍ ജേഴ്സിയിലും ഭുവനേശ്വര്‍ കുമാര്‍ തുടരുന്ന കാഴ്ച്ചയാണ് കണ്ടത്.
മത്സരത്തില്‍ 4 ഓവറില്‍ വിക്കറ്റൊന്നും നേടാനാകാതെ 54 റണ്‍സാണ് ഭുവനേശ്വര്‍ കുമാര്‍ വഴങ്ങിയത്. ഇംഗ്ലണ്ട് ഇന്നിംഗ്സിന്‍റെ അവസാനം രണ്ട് സിക്സും 1 ഫോറുമടക്കം 21 റണ്‍സ് ഭുവനേശ്വര്‍ കുമാര്‍ വഴങ്ങിയിരുന്നു. ഭുവനേശ്വര്‍ കുമാറിന്‍റെ ഫോമിനെ പറ്റി ആശങ്ക രേഖപ്പെടുത്തി നിരവധി ആളുകള്‍ രംഗത്ത് എത്തിയിരുന്നു. മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്രയും ഭുവിയുടെ പ്രകടനത്തെ ചോദ്യം ചെയ്തു.
‘ഈ മത്സരത്തിൽ ഭുവനേശ്വർ കുമാർ വളരെയധികം റൺസ് വഴങ്ങി. അദ്ദേഹത്തിന്റെ സാധാരണ മികവിന്റെ അടുത്തെങ്ങും എത്തില്ല ഈ പ്രകടനം. അദ്ദേഹം വളരെയധികം പരിചയസമ്പത്തുള്ള താരം തന്നെ. പക്ഷേ, പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഭുവിയെ കളിപ്പിക്കണമോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. പകരം ഷാർദുൽ ഠാക്കൂറിനെ ഇറക്കാം എന്നാണ് തോന്നുന്നത്’ – ആകാശ് ചോപ്ര പറഞ്ഞു.
മറ്റൊരു ബോളറായ രാഹുല്‍ ചഹറും യഥേഷ്ടം റണ്‍സ് വഴങ്ങി. ഡേവിഡ് മലാന്‍റെ വിക്കറ്റ് വീഴ്ത്തിയെങ്കിലും 43 റണ്‍സാണ് രാഹുല്‍ ചഹര്‍ വഴങ്ങിയത്. അതേ സമയം സീനിയര്‍ ബൗളറായ അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും റണ്‍സ് വഴങ്ങാന്‍ പിശുക്ക് കാണിച്ചു. ‘രാഹുൽ ചാഹറും വളരെയധികം റൺസ് വഴങ്ങി. അതായത് അടുത്ത പരിശീലന മത്സരത്തിലും പാക്കിസ്ഥാനെതിരായ മത്സരത്തിലും നമുക്ക് വരുൺ ചക്രവർത്തിയെ ടീമിൽ പ്രതീക്ഷിക്കാം. രവിചന്ദ്രൻ അശ്വിൻ മികച്ച രീതിയിൽ പന്തെറിഞ്ഞു. മൂന്നു സ്പിന്നർമാരെ കളിപ്പിച്ചാൽ മൂന്നാം സ്പിന്നറായിട്ടെങ്കിലും നമുക്ക് അശ്വിനെ കാണാനാകുമോ?’ – ചോപ്ര ചോദിച്ചു
മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഷാമിയേയും ബൂംറയേയും ആകാശ് ചോപ്ര പ്രശംസിച്ചു. ‘മുഹമ്മദ് ഷമി അദ്ദേഹത്തിന്റെ റോൾ ഭംഗിയാക്കി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്രയാകട്ടെ, റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കു കാട്ടി. മുഹമ്മദ് ഷമിയുടെ യോർക്കറുകൾ കൃത്യമായിരുന്നു. പക്ഷേ, അദ്ദേഹം റൺസ് വിട്ടുകൊടുക്കുന്നത് പ്രശ്നമാണ്. എങ്കിലും ഒന്നാം നമ്പർ ബോളറായ ബുമ്ര റൺസ് വഴങ്ങുന്നില്ലായെന്നത് ആശ്വാസമാണ്. ഷമി നമ്മുടെ രണ്ടാം നമ്പർ ബോളറാണ്’ – ചോപ്ര ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം.