2024 ട്വന്റി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി ആരംഭിച്ചിട്ടുണ്ട്. ഇത്തവണ 4 ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കാൻ പോരാടുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, വിൻഡീസ് തുടങ്ങിയ ടീമുകളൊക്കെയും ഇത്തവണത്തെ ട്വന്റി20 ലോകകപ്പിലെ ഫേവറേറ്റുകൾ തന്നെയാണ്.
അതിനാൽ വളരെ വാശിയേറിയ പോരാട്ടമാണ് ഇത്തവണയും നടക്കുന്നത്. ഇതിനോടൊപ്പം തന്നെ ട്വന്റി20 ലോകകപ്പിലെ ജേതാക്കളെ പ്രവചിച്ചുകൊണ്ട് മുൻ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴത്തെ ട്വന്റി20 ലോകകപ്പിലെ ഫൈനലുകളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്.
ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയ ഫൈനലിൽ ഉണ്ടാവുമെന്ന് ഗിൽക്രസ്റ്റ് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. മാത്രമല്ല ഫൈനലിൽ ഓസ്ട്രേലിയയുടെ എതിരാളികളായി എത്തുന്നത് ന്യൂസിലാൻഡ് ആകുമെന്നും ഗിൽക്രിസ്റ്റ് പ്രവചിക്കുന്നു. “ന്യൂസിലാൻഡിന്റെ ഇത്തവണത്തെ നായകൻ കെയ്ൻ വില്യംസനാണ്. ഭേദപ്പെട്ട താരനിയോട് കൂടിയാണ് ന്യൂസിലാൻഡ് ലോകകപ്പിലേക്ക് എത്തിയിട്ടുള്ളത്. എല്ലാ സീസണിലും നിശബ്ദരായി വന്ന് എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ന്യൂസിലാൻഡ് കാഴ്ചവയ്ക്കാറുള്ളത്. ഇത്തവണയും അത്തരത്തിൽ തന്നെ വന്ന് എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിക്കാൻ ന്യൂസിലാൻഡിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”-ഗിൽക്രിസ്റ്റ് പറയുന്നു.
മൈക്കൽ വോണും ലോകകപ്പിന്റെ ഇത്തവണത്തെ ഫൈനലിസ്റ്റുകളെ പ്രവചിക്കുകയുണ്ടായി. ഫൈനലിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാവും പരസ്പരം ഏറ്റുമുട്ടുക എന്നാണ് മൈക്കിൾ വോണിന്റെ പ്രവചനം. ഇത്തവണ ശക്തമായ ടീമുമായാണ് ഇംഗ്ലണ്ടും ലോകകപ്പിന് എത്തിയിരിക്കുന്നത്.
ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ഈ ലോകകപ്പിലെ നായകൻ. ഹാരി ബ്രുക്ക്, ബെൻ ഡക്കറ്റ്, ഫിൽ സോൾട്ട്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ അടങ്ങുന്ന വമ്പൻ ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിനുള്ളത്. മൊയ്‌ൻ അലി, സാം കാരൻ എന്നിവരുടെ ഓൾറൗണ്ട് മികവും ഇംഗ്ലണ്ടിന് ഗുണം ചെയ്യും.
എന്നാൽ മറ്റു പല താരങ്ങളും ഇന്ത്യയെയും പാക്കിസ്ഥാനെയും ഫേവറേറ്റുകളായി പ്രഖ്യാപിക്കുകയുണ്ടായി. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമും ഇത്തവണ വലിയ നിരയുമായാണ് എത്തിയിരിക്കുന്നത്. 4 സ്പിന്നർമാർ അടക്കമുള്ള ഒരു സ്ക്വാഡിനെയാണ് ഇന്ത്യ ഈ ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വിൻഡീസിലെ സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് മികവ് പുലർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മറുവശത്ത് പേസ് ബോളർമാരാണ് പാക്കിസ്ഥാന്റെ ശക്തി. ഏതൊക്കെ ടീമുകൾ ഇത്തവണത്തെ ലോകകപ്പിൽ മികവ് പുലർത്തുമെന്നത് കണ്ടറിയേണ്ടതാണ്.