ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ജൂലൈ 27ന് ശ്രീലങ്കയ്ക്കെതിരെ ആരംഭിക്കുന്ന ട്വന്റി20 മത്സരത്തോടുകൂടി ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീർ തന്റെ ഉദ്യമം തുടങ്ങുന്നു. 3 ട്വന്റി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ഇത്തവണ ശ്രീലങ്കയിൽ കളിക്കുന്നത്.
ജൂലൈ 27, 28, 30 എന്നീ തീയതികളിൽ ട്വന്റി20 മത്സരങ്ങളും ഓഗസ്റ്റ് 2, 4, 7 എന്ന തീയതികളിൽ ഏകദിന മത്സരങ്ങളും ഇന്ത്യ ശ്രീലങ്കയിൽ കളിക്കും. പരമ്പരയിൽ ചരിത് അസലങ്കയാണ് ശ്രീലങ്കൻ ടീമിനെ നയിക്കുന്നത്. ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകൻ സൂര്യകുമാർ യാദവാണ്. പരമ്പരയ്ക്ക് മുൻപായി വമ്പൻ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യ.
ഇന്ത്യയുടെ സൂപ്പർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ടാണ് സനത് ജയസൂര്യ രംഗത്ത് വന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും എന്ന് ജയസൂര്യ പറയുകയുണ്ടായി. ഒരുപാട് കഴിവുകളുള്ള താരങ്ങളാണ് ഇരുവരുമെന്ന് ജയസൂര്യ പറയുന്നു.
അതിനാൽ തന്നെ ഇരുവരുടെയും അഭാവം ഇന്ത്യയെ ട്വന്റി20 ക്രിക്കറ്റിൽ വലിയ രീതിയിൽ ബാധിക്കും എന്നാണ് ജയസൂര്യ കരുതുന്നത്. മറുവശത്ത് ശ്രീലങ്കയെ സംബന്ധിച്ച് ഈ അഭാവം മുതലെടുത്താൽ പരമ്പര സ്വന്തമാക്കാൻ സാധിക്കുമെന്നും ജയസൂര്യ പറയുകയുണ്ടായി. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലങ്കൻ ഇതിഹാസം തന്റെ പ്രസ്താവന വ്യക്തമാക്കിയത്.
“ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളാണ് രോഹിത് ശർമയും വിരാട് കോഹ്ലിയും. ഇരുവരുടെയും കഴിവുകളും മൈതാനത്ത് കാഴ്ചവയ്ക്കുന്ന പ്രകടനങ്ങളും കണക്കിലെടുക്കുമ്പോൾ അവർ എത്ര മികച്ച താരങ്ങളാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ട്വന്റി20 ക്രിക്കറ്റിൽ ഇരുതാരങ്ങളുടെയും അഭാവം ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കും. ഇന്ത്യയെ സംബന്ധിച്ച് അതൊരു വലിയ നഷ്ടമാണ്. മറുവശത്ത് ശ്രീലങ്കയെ സംബന്ധിച്ച് അത് മുതലെടുക്കാൻ സാധിച്ചാൽ പരമ്പര സ്വന്തമാക്കാനും കഴിയും.”- സനത് ജയസൂര്യ പറഞ്ഞു.
ശ്രീലങ്കൻ ടീമിന്റെ താൽക്കാലിക പരിശീലകനായി സനത് ജയസൂര്യ സ്ഥാനം ഏറ്റിരുന്നു. മുൻ പരിശീലകനായ ക്രിസ് സിൽവർസ്റ്റുഡിന് പകരക്കാരനായാണ് ജയസൂര്യ കോച്ചിംഗിലേക്ക് എത്തുന്നത്. 2024 ട്വന്റി20 ലോകകപ്പിൽ വളരെ മോശം പ്രകടനമായിരുന്നു ശ്രീലങ്കൻ ടീം കാഴ്ചവച്ചത്. ടൂർണമെന്റിൽ ശ്രീലങ്കയ്ക്ക് സൂപ്പർ 8ലെത്താൻ പോലും സാധിച്ചില്ല. ഇതിന് ശേഷമാണ് ശ്രീലങ്കയുടെ കോച്ചായ സിൽവർസ്റ്റുഡ് രാജിവെച്ചത്. ലോകകപ്പിൽ 4 മത്സരങ്ങളിൽ നിന്ന് ഒരു വിജയവും 2 പരാജയവുമാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്. എന്നാൽ പുതിയ ഒരു അധ്യായത്തിന് തുടക്കമിടാനാണ് ശ്രീലങ്ക തയ്യാറായിരിക്കുന്നത്.