2024 ട്വന്റി20 ലോകകപ്പിലെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനം ഇതിനോടകം തന്നെ ചർച്ചാവിഷയം ആയിട്ടുണ്ട്. ഇന്ത്യക്കായി ഈ ലോകകപ്പിൽ ഓപ്പണറായി എത്തിയ വിരാട് കോഹ്ലി ആദ്യമായി മത്സരങ്ങളിലൊക്കെയും പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. ആദ്യ റൗണ്ടിൽ 1,4,0 എന്നിങ്ങനെയായിരുന്നു വിരാട് കോഹ്ലി സ്വന്തമാക്കിയിരുന്നത്.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 24 റൺസ് കോഹ്ലി സ്വന്തമാക്കിയെങ്കിലും വളരെ മെല്ലെ ആയിരുന്നു ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. ഇതിന് ശേഷം കോഹ്ലിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി. എന്നാൽ ഇപ്പോൾ കോഹ്ലിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കോഹ്ലി ക്രീസിലുറച്ച് സമയം ചിലവഴിച്ചത് ഇന്ത്യയ്ക്ക് വരും മത്സരങ്ങളിൽ ഗുണം ചെയ്യും എന്നാണ് ലാറ കരുതുന്നത്. മാത്രമല്ല ഇത് കോഹ്ലിയുടെ ആത്മവിശ്വാസം ഉണർത്തുന്നതിലും വലിയ പങ്കുവഹിക്കുമെന്ന് ലാറ കൂട്ടിച്ചേർക്കുന്നു.
“24 പന്തുകളിൽ 24 റൺസാണ് കോഹ്ലി മത്സരത്തിൽ നേടിയത്. അതൊരു മികച്ച ഇന്നിംഗ്സാണ് എന്ന് നമുക്ക് പറയാൻ സാധിക്കില്ല. പക്ഷേ അവൻ ക്രീസിലുറച്ച് അധികം സമയം ചിലവഴിച്ചു എന്നുള്ളത് ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. മാത്രമല്ല ഇന്ത്യയ്ക്ക് ട്രോഫിയിലേക്ക് ഒരു പാദം കൂടി മുൻപിലേക്ക് വയ്ക്കാനും മത്സരത്തിലൂടെ സാധിച്ചിട്ടുണ്ട്.”- ലാറ പറയുന്നു.
“കരീബിയൻ സാഹചര്യത്തിലേക്ക് എത്തുമ്പോൾ വിരാട് കോഹ്ലി കൂടുതൽ ശക്തനായി മാറും എന്നാണ് ഞാൻ കരുതുന്നത്. വരും മത്സരങ്ങളിലും അവൻ മികവ് പുലർത്തുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കോഹ്ലി അടുത്തതായി കളിക്കേണ്ടത് ആന്റിഗയിലാണ്. അവിടെ കോഹ്ലി മൈതാനത്ത് എത്തി മികച്ച രീതിയിൽ ബാറ്റ് ചെയ്യും. മത്സരത്തിൽ കോഹ്ലി ഒരുപാട് റൺസും സ്വന്തമാക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയാണ്.”- സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. ഇതുവരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും ഇന്ത്യയെ സംബന്ധിച്ച് കോഹ്ലി ഒരു വലിയ പ്രതീക്ഷയാണ് എന്ന് ലാറ കരുതുന്നു.
“കോഹ്ലി തന്റെ പൂർണ്ണമായ ഫോമിലേക്ക് തിരികെ എത്തിയാൽ വ്യത്യസ്തമായ ഒരു കഥയാകും പിന്നീട് ഉണ്ടാവുക. അതിനായി നമ്മൾ ക്ഷമ കാണിക്കുകയാണ് ഇപ്പോൾ വേണ്ടത്. ഈ ലോകകപ്പിൽ ഇനിയും ഒരുപാട് മത്സരങ്ങൾ അവശേഷിക്കുകയാണ്. ഈ മത്സരങ്ങളിൽ അവൻ ശക്തമായി തന്നെ തിരിച്ചു വരുമെന്ന് ഞാൻ കരുതുന്നു.”- ലാറ കൂട്ടിച്ചേർക്കുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്തതിന് ശേഷമായിരുന്നു കോഹ്ലി ട്വന്റി20 ലോകകപ്പിലേക്ക് എത്തിയത്. ഐപിഎല്ലിൽ ഓപ്പണറായി നിറഞ്ഞാടിയ കോഹ്ലി പക്ഷേ ലോകകപ്പിൽ പരാജയപ്പെടുകയായിരുന്നു.