ഇപ്പോൾ ആർക്കെതിരെ പന്തെറിയാനാണ് ഇഷ്ടം :മറുപടി പറഞ്ഞ് അക്തർ

ലോകക്രിക്കറ്റിലെ ഏറ്റവും വേഗതയിൽ പന്തെറിയുന്ന താരമാണ് ഷോയിബ് അക്തർ. നിലവിലെ ഏതൊരു ഫാസ്റ്റ് ബൗളർക്കും സ്വപ്നം കാണുവാൻ പോലും കഴിയാത്ത വേഗതയിൽ പന്തെറിഞ്ഞ അക്തർ എതിരാളികളുടെ എല്ലാം പ്രധാന പേടി സ്വപ്നമായിരുന്നു. ബാറ്റിങ് നിരകളെ എല്ലാം അതിവേഗം ഫാസ്റ്റ് ബൗളിങ്ങിലെ മികവാൽ തകർത്തിട്ടുള്ള അക്തർ ഏറെ നേട്ടങ്ങളും അന്താരാഷ്ട്ര കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്. കരിയറിൽ 160 കിലോമീറ്ററിൽ അധികം സ്പീഡിൽ പന്തെറിഞ്ഞ താരത്തിന്റെ പേരിലാണ് ഇന്നും രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും സ്പീഡിൽ പന്ത് എറിഞ്ഞ ബൗളർ എന്ന നേട്ടവും.

എന്നാൽ പല ബാറ്റ്‌സ്മാന്മാരെയും തന്റെ കരിയറിൽ വീഴ്ത്തിയിട്ടുള്ള അക്തർ ഇന്ന് ആധുനിക ക്രിക്കറ്റിലെ ചില പ്രധാനപെട്ട ബാറ്റ്‌സ്മാന്മാർക്ക് എതിരെ പന്തെറിയാൻ കഴിഞ്ഞാലുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞു. നിലവിലെ ക്രിക്കറ്റ്‌ താരങ്ങളിൽ ഇന്ത്യൻ നായകൻ കോഹ്ലി, പാകിസ്ഥാൻ ടീം ക്യാപ്റ്റൻ ബാബർ അസം, ഇംഗ്ലണ്ട് ടീമിലെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തുവാനാണ് ആഗ്രഹം എന്നും വിശദീകരിച്ചു. ഇന്ന് എല്ലാ ഫോർമാറ്റിലും തിളങ്ങുന്ന ഇവർ മൂവർക്കും എതിരെ പന്തെറിയാനുള്ള അവസരം ലഭിച്ചാൽ വിക്കറ്റ് വീഴ്ത്താൻ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ച താരം ഏറെ വാചാലനായി.

അതേസമയം നിലവിലെ ടി :20 ക്രിക്കറ്റ്‌ ലീജുകളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനാണോ അതോ പാകിസ്ഥാൻ സൂപ്പർ ലീഗാണോ കളിക്കുവാൻ അക്തർ ആഗ്രഹിക്കുകയെന്ന ചോദ്യത്തിന് താൻ രാജ്യ സ്നേഹം കാരണം കളിക്കുക പാക് സൂപ്പർ ലീഗാണ് എന്ന് പറഞ്ഞ മുൻ താരം പക്ഷേ പണത്തിനായിട്ടാണ് കളിക്കുക എങ്കിൽ ഐപിൽ മാത്രമേ കരിയറിൽ തിരഞ്ഞെടുക്കാൻ മനസ്സ് കാണിക്കൂ എന്നും അദ്ദേഹം വിശദമാക്കി. മുൻപും പല പാകിസ്ഥാൻ മുൻ താരങ്ങളും ഐപിഎല്ലിനേക്കാൾ മികച്ച ടി :20 ലീഗ് പാകിസ്ഥാൻ സൂപ്പർ ലീഗാണ് എന്നുള്ള അഭിപ്രായം പങ്കുവെച്ചിരുന്നു.