2018ന് ശേഷം ആദ്യമായി ടി:20 പരമ്പര കൈവിട്ട് ഇംഗ്ലണ്ട് – തുടർച്ചയായ പരമ്പര നേട്ടവുമായി കോഹ്ലി പട

IMG 20210320 WA0665

ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്പര 3-2ന് പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ഡേവിഡ് മലനും ജോസ് ബട്‌ലറും രണ്ടാം വിക്കറ്റിൽ  പൊരുതിയെങ്കിലും ഭുവനേശ്വര്‍ കുമാറിന്‍റെയും ശാർദൂൽ താക്കൂറിന്റെയും   പാണ്ഡ്യയുടെയും തകര്‍പ്പന്‍ ബൗളിംഗ് ഇന്ത്യക്ക് വിജയമൊരുക്കി. ലോക ഒന്നാം നമ്പർ ടി:20 ടീമായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ പരമ്പര വിജയത്തിനൊപ്പം ഒട്ടേറെ റെക്കോർഡുകളും നേടി .

ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ കോഹ്ലി നായക സ്ഥാനം ഒഴിയണമെന്ന ആവശ്യം ക്രിക്കറ്റ് ലോകത്ത്  ഉയരുന്നുണ്ടെങ്കിലും കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ അപൂർവ്വ നേട്ടമാണ് ഇന്ത്യൻ ടീം സ്വന്തമാക്കുന്നത് .തുടര്‍ച്ചയായ ആറാം ടി20 പരമ്പര നേട്ടമാണ് മൊട്ടേറയിൽ 
ഇംഗ്ലണ്ടിനെതിരെ കൊഹ്‌ലിപ്പട നേടിയത്.
ഇംഗ്ലണ്ടിനെതിരേ മൂന്ന് ടി20 പരമ്പര നേടുന്ന ആദ്യത്തെ ടീമാകാനും ഇന്ത്യക്കായി. 2017,2018 വര്‍ഷങ്ങളിലാണ് നേരത്തെ ഇന്ത്യയുടെ പരമ്പര നേട്ടം.
അഞ്ചാം ടി:20യിൽ  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അടിച്ചെടുത്ത 224 എന്ന വമ്പന്‍ ടോട്ടൽ ഇംഗ്ലണ്ട് എതിരെ ഇന്ത്യ നേടിയ ഏറ്റവും ഉയർന്ന ടി:20 സ്കോറാണ് .ടി:20 ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും  ഉയർന്ന നാലാമത്തെ ടീം ടോട്ടലുമാണിത് .

അതേസമയം ആഗസ്റ്റ് 2018ന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഒരു ടി20 പരമ്പര തോല്‍ക്കുന്നത്. 2018 ജൂലൈയില്‍ ഇന്ത്യയോടായിരുന്നു അവര്‍ ഏറ്റവും  അവസാനമായി പരമ്പര തോറ്റത്. എട്ട് പരമ്പരകള്‍ തുടർച്ചയായി ജയിച്ചു വന്ന മോർഗനും സംഘത്തിനും ടീം ഇന്ത്യയുടെ പോരാട്ട വീര്യത്തിന് മുൻപിൽ തോൽവി സമ്മതിക്കേണ്ടി വന്നു .

3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര  മാർച്ച് 23ന് പുനെയിൽ  ആദ്യ ഏകദിന മത്സരത്തോടെ ആരംഭിക്കും .
മാര്‍ച്ച് 23ന് ആരംഭിക്കുന്ന പരമ്പരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുക. പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.കോവിഡ് വ്യാപന സാധ്യതകൾ പരിഗണിച്ച് മത്സരങ്ങൾക്ക് കാണികളെ പ്രവേശിപ്പിക്കില്ല

Scroll to Top