സെര്‍ജിയോ റാമോസ് പിഎസ്ജിയിലേക്ക്. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം

Sergio Ramos

മുന്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിനെ സ്വന്തമാക്കാന്‍ പിഎസ്ജിയുടെ ശ്രമമെന്ന് ഫ്രഞ്ച് റേഡിയോ നെറ്റ് വര്‍ക്ക് ആര്‍എംസി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം റയലില്‍ കരാര്‍ അവസാനിച്ച സെര്‍ജിയോ റാമോസ് ക്ലബ് വിട്ടിരുന്നു.

റയല്‍ മാഡ്രിഡില്‍ ഒരു വര്‍ഷത്തെ കരാര്‍ നീട്ടിയെങ്കിലും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കരാര്‍ വേണമെന്ന് സെര്‍ജിയോ റാമോസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റാമോസിന്‍റെ ആവശ്യം റയല്‍ മാഡ്രിഡ് അംഗീകരിച്ചില്ലാ. പിന്നീട് റാമോസ് ഈ കരാര്‍ അംഗീകരിക്കാന്‍ തയ്യാറായെങ്കിലും ഈ കോണ്‍ട്രാക്റ്റ് നിലവിലില്ല എന്ന് ക്ലബ് മറുപടി നല്‍കുകയും ചെയ്തു.

16 വര്‍ഷത്തെ റയല്‍ മാഡ്രിഡ് കരിയറില്‍ 4 ചാംപ്യന്‍സ് ലീഗും 5 ലാലീഗയും സ്വന്തമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് വര്‍ഷത്തെ കരാറാണ് പിഎസ്ജി സെര്‍ജിയോ റാമോസിനു മുന്നില്‍ വച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ലീഗ് കിരീടം ലില്ലിക്ക് മുന്‍പില്‍ ലീഗ് കിരീടം പിഎസ്ജി നഷ്ടപ്പെടുത്തിയിരുന്നു. ലീഗ് കിരീടം തിരിച്ചുപിടിക്കാനും, കിട്ടാകനിയായ ചാംപ്യന്‍സ് ലീഗ് നേടാനുമാണ് വമ്പന്‍ താരങ്ങളെ പിഎസ്ജി വാങ്ങികൂട്ടുന്നത്.

ഈ സീസണില്‍ ലിവര്‍പൂളില്‍ കരാര്‍ തീര്‍ന്ന വൈനാള്‍ഡത്തെ ടീമിലെത്തിച്ചു. ഇറ്റലി ഗോള്‍കീപ്പര്‍ ഡൊണറുമ, ഇന്‍റര്‍മിലാന്‍ താരം ഹക്കീമി എന്നിവരെയും പിഎസ്ജി നോട്ടമിടുന്നുണ്ട്. ഇക്കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് സെമിഫൈനലില്‍ തോറ്റാണ് ചാംപ്യന്‍സ് ലീഗില്‍ നിന്നും പിഎസ്ജി പുറത്തായത്.

സെര്‍ജിയോ റാമോസ് ക്ലബില്‍ വരുന്നതോടെ ടീമിനു പ്രതിരോധത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. കഴിഞ്ഞ സീസണില്‍ പരിക്ക് കാരണം റാമോസിനു ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. പരിക്ക് കാരണം യൂറോ കപ്പിന്‍റെ സ്പെയിന്‍ സ്ക്വാഡിലും ഇടം ലഭിച്ചിരുന്നില്ലാ.

Scroll to Top