അവന്‍ കേരളത്തിന്‍റെയും ഇന്ത്യയുടേയും ഭാവി താരം. പ്രശംസയുമായി കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച്

Sahal kerala blasters 2021 scaled

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ജംഷ്ദപൂര്‍ എഫ്സിയുമായി കേരള ബ്ലാസ്റ്റേഴ്സിനു സമനിലയില്‍ പിരിയേണ്ടി വന്നു. ആദ്യ പകുതിയില്‍ ഗ്രേഗ് സ്റ്റെവര്‍ട്ടിന്‍റെ ഗോളില്‍ മുന്നിലെത്തിയ ജംഷ്ദപൂരിനു സഹലിലൂടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് മറുപടി പറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലായിരുന്നു സഹലിന്‍റെ ഗോള്‍.

മത്സരത്തിനു ശേഷം മലയാളി താരത്തിനു പ്രശംസയുമായി കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് രംഗത്ത് എത്തി. ” കളിയുടെ വിധി തീരുമാനിക്കാന്‍ കഴിയുന്ന താരങ്ങളിലൊരാളാണ് സഹല്‍. കൂടുതല്‍ മെച്ചപ്പെടാനുള്ള കഴിവ് സഹലിനുണ്ട്. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ അവന്‍ മികച്ച പ്രകടനം നടത്തുന്നുണ്ട് ” മത്സര ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.

ഫുട്ബോളില്‍ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഉണ്ടായിരിക്കണം. അതിനായി സഹായിക്കുകയാണ് ചെയ്യുന്നത്. സഹലിനെ മാത്രമല്ലാ. മറ്റുള്ളവരെയും. വലത്തു സെഡില്‍ നിന്നും സെന്‍ററില്‍ നിന്നും ഇടത് സൈഡില്‍ നിന്നും ആക്രമിക്കാന്‍ കഴിയുന്ന താരമാണ് സഹല്‍. അവന് അത് ചെയ്യാനുള്ള കഴിവുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെയും ഇന്ത്യന്‍ ദേശിയ ഫുട്ബോളിന്‍റെയും ഭാവി താരമാകും എന്ന് ഞാന്‍ കരുതുന്നു. ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.

20211227 112713

2017 ലാണ് സഹല്‍ കേരളാ ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്. ഇതാദ്യമായാണ് ഒരു സീസണില്‍ 4 ഗോളുകള്‍ നേടുന്നത്. ഇതിനു മുന്‍പ് 2018-19 സീസണിലാണ് സഹലിന്‍റെ ഗോള്‍ പിറന്നത്. കേരളാ ബ്ലാസ്റ്റേഴ്സിനായി 59 മത്സരങ്ങള്‍ കളിച്ച താരം ഇതുവരെ 5 ഗോളും 5 അസിസ്റ്റും നേടി.

Scroll to Top