മെസ്സിക്ക് മുമ്പിൽ നെഞ്ചുംവിരിച്ച് നിന്ന് നെയ്മർ.

ഖത്തറിൽ ലോകകപ്പിന് തുടക്കം കുറിക്കുവാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പ് ആയാൽ കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും കാണുന്നതാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ ഫ്ലക്സ് ബോർഡുകൾ വെച്ച് യുദ്ധങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഈ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചാത്തമംഗലം പുള്ളാവൂരിലെ അർജൻ്റീന ആരാധകർ സ്ഥാപിച്ച ലയണൽ മെസ്സിയുടെ വലിയ കട്ടൗട്ട് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ നേടിയത്.

കട്ടൗട്ട് വെച്ച് നിമിഷനേരങ്ങൾ കൊണ്ടാണ് സംഗതി വൈറലായത്. കേരളത്തിൽ മാത്രമല്ല, അർജൻ്റീനയുടെ പല ഔദ്യോഗിക പേജുകളിലും സംഗതി സ്ഥാനം നേടി. ഇപ്പോഴിതാ മെസ്സിക്ക് മറുപടിയുമായി നെയ്മർ എത്തിയിരിക്കുകയാണ്. നെയ്മറുടെ വമ്പൻ കട്ടൗട്ട് വെച്ചാണ് ലയണൽ മെസ്സി ആരാധകർക്ക് ബ്രസീൽ ആരാധകർ മറുപടി നൽകിയിരിക്കുന്നത്. ലയണൽ മെസ്സിയുടെ ആരാധകർ 30 അടി ഉയരത്തിന് മുകളിലുള്ള കട്ട് ഔട്ട് സ്ഥാപിച്ചപ്പോൾ നെയ്മർ ആരാധകർ വച്ചത് 40 അടി ഉയരമുള്ള കട്ടൗട്ട് ആയിരുന്നു.

ഇപ്പോൾ പുള്ളാവൂർ ചെറുപുഴയിൽ മെസ്സിക്ക് മുമ്പിൽ തലയുയർത്തിപ്പിടിച്ച് നിൽക്കുകയാണ് ബ്രസീൽ സൂപ്പർ താരം നെയ്മർ. ഫോക്സ് സ്പോർട്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലാണ് അർജൻ്റീനൻ ഇതിഹാസം മെസ്സിയുടെ കട്ട് ഔട്ട് വാർത്തയായിരുന്നത്. നേരത്തെ കട്ടൗട്ട് വെച്ച മെസ്സി ആരാധകർ ബ്രസീൽ ആരാധകർക്ക് ഇങ്ങനെയൊരു കട്ടൗട്ട് വെക്കാൻ സാധിക്കില്ല എന്ന് വെല്ലുവിളിച്ചിരുന്നു.

Neymar Cutout

അതിനുള്ള മറുപടി കൂടിയാണ് ബ്രസീൽ ആരാധകർ നൽകിയത്. അതേസമയം ഈ മാസം 20ന് ആണ് ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ നാലു വർഷത്തിലൊരിക്കൽ വരുന്ന ഫുട്ബോൾ വസന്തത്തിന് തുടക്കമാകും. ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ഇത്തവണത്തെ വേൾഡ് കപ്പിനെ നോക്കിക്കാണുന്നത്.