കരാര്‍ പുതുക്കിയില്ലാ. മെസ്സി ബാഴ്സലോണ വിട്ടു.

ബാഴ്സലോണയുമായുള്ള പതിനെട്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ലയണല്‍ മെസ്സി ക്ലബ് വിട്ടു. ലാലീഗ ക്ലബായ ബാഴ്സലോണയുടെ ഔദ്യോഗികമായ കുറിപ്പ് വളരെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.

നേരത്തെ കരാര്‍ പുതുക്കാത്തതിനാല്‍ മെസ്സി ഫ്രീ ഏജന്‍റായിരുന്നു. പുതുക്കിയ കരാര്‍ മെസ്സി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങൾ കാരണം കരാർ പുതുക്കാൻ കഴിയാത്തതിനാൽ ലയണൽ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്സലോണ ഇന്ന് വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

‘എഫ്.സി ബാഴ്സലോണയും ലയണൽ മെസ്സിയും ഒരു ധാരണയിലെത്തിയിട്ടും, ഇന്നുതന്നെ കരാർ പുതുക്കാനുള്ള വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നിട്ടും സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങൾ (സ്പാനിഷ് ലീഗ് നിയന്ത്രണങ്ങൾ) കാരണം അത് സാധ്യമായില്ല, ” ബാഴ്സലോണ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

13ാം വയസ്സിലാണ് ബാഴ്സലോണയുടെ യൂത്ത് അക്കാദമിയില്‍ ലയണല്‍ മെസ്സി ചേരുന്നത്. ബാഴ്സലോണക്കായി 778 മത്സരങ്ങളില്‍ 672 ഗോള്‍ നേടിയ മെസ്സി തന്നെയാണ് ക്ലബിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ സ്കോറര്‍.