അവൻ ഒരുപാട് ഘട്ടങ്ങളിൽ ഞങ്ങളെ രക്ഷിച്ച താരം, അവനെ ഇപ്പോൾ വിലയിരുത്തുന്നത് നീതിയല്ലാത്ത കാര്യം; സൂപ്പർതാരത്തിന് പിന്തുണയുമായി മെസ്സിയും സ്കലോനിയും.

ഓസ്ട്രേലിയക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് അർജൻ്റീന വിജയിച്ചിരുന്നു. അർജൻ്റീനക്ക് വേണ്ടി നായകൻ ലയണൽ മെസ്സിയും യുവ താരം അൽവാരസുമാണ് വല കുലക്കിയത്. മത്സരത്തിൽ വിജയിച്ചെങ്കിലും അർജൻ്റീനൻ ആരാധകർക്ക് വളരെയധികം നിരാശ നൽകിയ പ്രകടനമായിരുന്നു പകരക്കാരനായി ഇറങ്ങിയ ലൗട്ടാറോ മാർട്ടിനസ് കാഴ്ചവച്ചത്.

ലഭിച്ച സുവർണ്ണ അവസരങ്ങൾ എല്ലാം താരം പാഴാക്കി. താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും കളിയാക്കലുകളും ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. എന്നാൽ താരത്തെ പിന്തുണച്ചു കൊണ്ട് നായകൻ ലയണൽ മെസ്സിയും പരിശീലകൻ ലയണൽ സ്കലോനിയും മത്സര ശേഷം സംസാരിച്ചു. തങ്ങളുടെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് മാർട്ടിനെസ് എന്നാണ് ഇരുവരും പറഞ്ഞത്.

maxresdefault 1

“ലൗതാറോ ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു താരമാണ്. ഗോൾ കണ്ടെത്തുവാൻ വേണ്ടി എപ്പോഴും ശ്രമിക്കുന്ന ഒരു സ്ട്രൈക്കർ ആണ് അദ്ദേഹം. നല്ല രൂപത്തിൽ നിലനിൽക്കുക എന്നത് വരുന്ന മത്സരങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നു തന്നെയാണെന്ന് തീർച്ചയാണ്.”- അർജൻ്റീന നായകൻ ലയണൽ മെസ്സി പറഞ്ഞു.

“ഒരുപാട് തവണ ഗോളുകൾ കണ്ടെത്തി മുൻപ് പല ഘട്ടങ്ങളിലും ഞങ്ങളെ രക്ഷിച്ചിട്ടുള്ള താരമാണ് അവൻ. ഒരുപാട് സന്തോഷങ്ങൾ തീർച്ചയായും അവൻ ഇനി ഞങ്ങൾക്ക് നൽകും. തികച്ചും നീതിയല്ലാത്ത ഒരു കാര്യമാണ് ഇപ്പോൾ അവനെ മോശമായി വിലയിരുത്തുന്നത്. അവൻ ഇനിയും അവന്റെ മികച്ച രൂപത്തിൽ തുടരും.”- പരിശീലകൻ പറഞ്ഞു.