ലിവര്‍പൂളിനെതിരെ വിജയം. ചെല്‍സി ആദ്യ നാലില്‍

മാസണ്‍ മൗണ്ട് നേടിയ ഏക ഗോളില്‍ ലിവര്‍പൂളിനെതിരെ ചെല്‍സിയുടെ വിജയം. വിജയത്തോടെ പുതിയ പരിശീലകന്‍റെ കീഴില്‍ ചെല്‍സി പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്തി. പരിശീലകനായ തോമസ് ട്യൂഷലിന്‍റെ കീഴിലുള്ള തുടര്‍ച്ചയായ പത്താം അപരാജിത മത്സരമാണിത്.

ടിമോ വെര്‍ണറിലൂടെ ചെല്‍സി ഗോള്‍ കണ്ടെത്തിയെങ്കിലും വാറിലൂടെ ഓഫ്സൈഡ് കാരണം ഗോള്‍ നിഷേധിച്ചു. എന്നാല്‍ ആദ്യ പകുതിക്ക് മുന്‍പ് മാസണ്‍ മൗണ്ട് ഗോള്‍ കണ്ടെത്തി. കൗണ്ടര്‍ അറ്റാക്കിലൂടെ കാന്‍റെ നല്‍കിയ ലോങ്ങ് ബോളില്‍ മാസണ്‍ മൗണ്ട് ലക്ഷ്യം കണ്ടു. 76ാം മിനിറ്റില്‍ ടിമോ വെര്‍ണറിന്‍റെ ക്ലോസ് റേഞ്ച് ശ്രമം അലിസ്സണ്‍ പരാജയപ്പെടുത്തി.

തുടര്‍ച്ചയായ അഞ്ചാം ഹോം മത്സരമാണ് ലിവര്‍പൂള്‍ തോല്‍ക്കുന്നത്. പരാജയമറിയാത്ത 68 മത്സരങ്ങള്‍ക്ക് ശേഷമാണ് ലിവര്‍പൂളിന്‍റെ ഈ പരാജയങ്ങള്‍. വിജയത്തോടെ 47 പോയിന്‍റുമായി ചെല്‍സി നാലാമതാണ്. 43 പോയിന്‍റുമായി ലിവര്‍പൂള്‍ ഏഴാമത്.