തകര്‍പ്പന്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ലീഗില്‍ ഒന്നാമത്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഹൈദരബാദ് എഫ് സിയെ തോല്‍പ്പിച്ചു കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തി. തിലക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ആദ്യ പകുതിയില്‍ അല്‍വാരോ വാസ്കസ് നേടിയ ഗോളാണ് മത്സരഫലം നിര്‍ണിയച്ചത്.

ആദ്യ പകുതിയില്‍ ഇരു ടീമും ആക്രമണ ഫുട്ബോള്‍ കാഴ്ച്ചവച്ചു. തുടക്കത്തിലേ ഹൈദരബാദിനു ലഭിച്ച ഫ്രീകിക്ക്. ഗാർസിയ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. പതിയെ താളം കണ്ടെത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരബാദ് ബോക്സിലേക്ക് നിരന്തരം ആക്രമണം അഴിച്ചു വിട്ടു. 24ാം മിനിറ്റില്‍ ഹൈദരബാദ് ഗോള്‍കീപ്പര്‍ കട്ടിമണിയുടെ രക്ഷപ്പെടുത്തല്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍  നിഷേധിച്ചു.

ലൂണയുടെ ക്രോസ് ഡിയസ് ഒരു ഡൈവിങ് ഹെഡറിലൂടെ ഗോള്‍ നേടാനായിരുന്നു ശ്രമം. എന്നാല്‍ കട്ടിമണി ഹൈദരബാദ് രക്ഷകനാവുകയായിരുന്നു. അതിനു ശേഷം ലൂണയുടെ ഒരു ക്രോസിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരം ലഭിച്ചു. ലൂണയുടെ ക്രോസ് മനോഹരമായി സഹൽ നിയന്ത്രിച്ചു എങ്കിലും സഹൽ നൽകിയ പാസ് പൂടിയക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല

42ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഖബ്ര എടുത്ത ലോങ്ങ് ത്രോ സഹല്‍ പുറകിലേക്ക് മറിച്ചു നല്‍കി. മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന വാസ്കസ് ഒരു വോളി ഷോട്ടിലൂടെ കട്ടിമണിയെ മറികടന്നു. അവസാന നിമിഷം ഹൈദരബാദിനു സമനില കണ്ടെത്താനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും ലെസ്കൊവിചിന്റെ ഒരു ക്ലിയറൻസ് ബ്ലാസ്റ്റേഴ്സിനെ ലീഡ് നിലനിർത്താൻ സഹായിച്ചു.

രണ്ടാം പകുതിയില്‍ കനത്ത പ്രസിങ്ങും കൗണ്ടര്‍ അക്രമണവുമായി ഹൈദരബാദ് തുടങ്ങിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്‍റെ അച്ചടക്കത്തോടെയുള്ള പ്രതിരോധം വിജയം നേടികൊടുത്തു. മത്സരത്തില്‍ 8 മഞ്ഞ കാര്‍ഡുകള്‍ റഫറി പുറത്തെടുത്തു.

10 മത്സരങ്ങളില്‍ 17 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത് എത്തി. മുംബൈക്കും ഒരേ പോയിന്‍റാണെങ്കിലും ഗോള്‍ വിത്യാസ കണക്കിലാണ് ഒന്നാമത് എത്തിയത്. ഒഡീഷക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. തുടര്‍ച്ചയായ ഒന്‍പതാം മത്സരത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി അറിയാതെ മുന്നേറുന്നത്.