സന്തോഷ് ട്രോഫിയില്‍ കേരളം മുത്തമിട്ടു. പെനാല്‍റ്റിയിലൂടെ കിരീട നേട്ടം

1993 നു ശേഷം ഇതാദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് കേരളം. 75ാ മത് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ നാലിനെതിരെ 5 ഗോളുകള്‍ക്കാണ് ബംഗാളിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമയത്ത് അവസാനിച്ചപ്പോള്‍ എക്സ്ട്രാ ടൈമില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഇത് ഏഴാം തവണെയാണ് സന്തോഷ് ട്രോഫി കേരളം നേടുന്നത്.

എക്സ്ട്രാ ടൈമില്‍. 97ാം മിനിറ്റില്‍ ദിലീപ് ഓര്‍വാന്‍റെ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. എന്നാല്‍ എക്സ്ട്രാ ടൈം അവസാനിക്കാന്‍ 3 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ മുഹമ്മദ് സഫ്നാദിലൂടെയാണ് കേരളം ഗോള്‍ മടക്കിയത്. വലത് വിങ്ങില്‍ നിന്നും വന്ന ക്രോസില്‍, ഹെഡര്‍ ഗോളാക്കി മാറ്റിയാണ് സഫ്നാദ് സമനിലയാക്കിയത്.

ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്ലുറഹ്‌മാന്‍ എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ ബംഗാള്‍ നിരയില്‍ സജല്‍ ബാഗെടുത്ത കിക്ക് പുറത്തേക്ക് പോയത് കളിയിലെ വിധിയെഴുതി.

കേരളത്തിന്റെ ടി.കെ ജെസിനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. കേരള ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ടൂര്‍ണമെന്റിലെ മികച്ച താരം. മികച്ച ഗോള്‍ കീപ്പറായി പ്രിയന്ത് കുമാര്‍ സിങിനെയും തിരഞ്ഞെടുത്തു.