തുടര്‍ച്ചയായ രണ്ടാം വിജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. പോയിന്‍റ് പട്ടികയില്‍ മൂന്നാമത്

Screenshot 20211222 212704 Instagram

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൗത്ത് ഇന്ത്യന്‍ ഡെര്‍ബിയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു വിജയം. ചെന്നൈയിന്‍ എഫ്സിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരള  ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. ജോര്‍ജ്ജ് ഡയസും മലയാളി താരം സഹലും, ലൂണയുമാണ് വിജയ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക്  ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു.

ഒന്‍പതാം മിനിറ്റില്‍ ഡയസിലൂടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. ഹാഫ് ലൈനില്‍ നിന്നും ലാല്‍താംഗ ക്വാല്‍റിംഗിന്‍റെ പാസ്സില്‍ നിന്നും വിശാല്‍ കെയ്തിനെ മറികടന്നു. ചെന്നൈ പ്രതിരോധ പൂട്ട് പൊളിച്ച  അസിസ്റ്റ് എടുത്ത് പറയേണ്ടതാണ്.

25-ാം മിനിറ്റില്‍ ജെര്‍മന്‍പ്രീത് സിംഗിന്‍റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാല്‍ 38-ാം മിനിറ്റില്‍ വല കുലുക്കി സഹല്‍ ബ്ലാസ്റ്റേഴ്സിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. സീസണില്‍ സഹലിന്‍റെ മൂന്നാം ഗോളാണിത്. സഹലിന്റെ ആദ്യ ഷോട്ട് ചെന്നൈയിൻ ഡിഫൻസ് തടഞ്ഞു എങ്കിലും റീബൗണ്ടിൽ മലയാളി താരം വല കണ്ടെത്തി. അതിനു മുന്‍പ് ചെന്നൈയുടെ വലിയ അവസരം ജര്‍മന്‍പ്രീത് സിങ്ങ് പാഴാക്കി. മുര്‍സേവ് നല്‍കിയ പാസ്സിലൂടെ താരത്തിന്‍റെ ഗോള്‍ ശ്രമം പോസ്റ്റിനു സൈഡിലൂടെ പോയി.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.

ആദ്യ പകുതിയുടെ അവസാനം അല്‍വാരോ വാസ്കസിനു ഗോളടിക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും താരത്തിന്‍റെ ഷോട്ട് വിശാല്‍ കെയ്ത് തട്ടിയകറ്റി. രണ്ട് മാറ്റങ്ങളുമായി ചെന്നൈ രണ്ടാം പകുതിയില്‍ ഇറങ്ങി. തുടക്കത്തില്‍ ലൂണ ഒരുക്കിയ ഒരു ശ്രമം ജെസ്സലിന്‍റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. രണ്ടാം പകുതിയില്‍ മധ്യനിരയില്‍ ആധിപത്യം നേടാന്‍ ശ്രമിച്ചെങ്കിലും ലൂണയുടെ ഗോള്‍ ചെന്നൈയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി.

79ാം മിനിറ്റില്‍ ലൂണയുടെ പവര്‍ഫുള്‍ ഷോട്ട് വിശാല്‍ കെയ്തിനെ മറികടന്നു. മത്സരത്തിലെ വിജയത്തോടെ 12 പോയിന്‍റുമായി കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാമതേക്ക് ഉയര്‍ന്നു.

Scroll to Top