റഫറിമാര്‍ക്ക് കണ്ണ് ടെസ്റ്റ് വേണം. ❛വാര്‍❜ അല്ലാ ❛ഐ❜ ടെസ്റ്റ് വേണം

കേരളാ ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും തമ്മിലുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരളത്തിനു അനുകൂലമായ പെനാല്‍റ്റി റഫറി അനുവദിച്ചിരുന്നില്ലാ. അല്‍വാരോ വാസ്കസിന്‍റെ ക്രോസ് ശ്രമം ജംഷ്ദപൂര്‍ താരത്തിന്‍റെ കൈകളില്‍ കൊണ്ട്. എന്നാല്‍ പെനാല്‍റ്റി അനുവദിക്കാതെ കോര്‍ണര്‍കിക്കില്‍ മാത്രമായാണ് കലാശിച്ചത്. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ നില്‍ക്കുമ്പോഴാണ് റഫറിയുടെ തീരുമാനം.

ഓരോ വര്‍ഷവും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നിലവാരം ഉയരുമ്പോഴും റഫറീയിങ്ങ് പിഴവ് വ്യാപകമായി ഉയരുകയാണ്. വാര്‍ അല്ലെങ്കില്‍ വിദേശ റഫറിമാര്‍ എന്നിവരെ കൊണ്ടുവരിക എന്നതാണ് ആരാധകരുടെ ആവശ്യങ്ങള്‍.

ഇപ്പോഴിതാ ഇന്നലത്തെ മത്സരത്തെക്കുറിച്ച് പറയുകയാണ് ഐ.എം വിജയന്‍. ” ഇനി കോവിഡ് പരിശോധനയ്ക്കൊപ്പം റഫറിമാർക്കു കണ്ണിന്റെ പരിശോധനകൂടി നടത്തണം. ‘വാർ’ സാങ്കേതികവിദ്യ ഇല്ലാത്തതു ലീഗിനെ ബാധിക്കുന്നുവെന്ന പരാതി വ്യാപകമാണ്. എന്നാൽ, പെനൽറ്റി ബോക്സിൽ ഇത്ര വ്യക്തമായ ഹാൻഡ് ബോളെല്ലാം ലൈൻസ്മാനടക്കം കാണാതെ പോകുന്നതിനു പിന്നിൽ കാഴ്ചയുടെ തകരാർ ആകുമല്ലോ ! ”

”അത്തരം വീഴ്ചകൾ ഒഴിവാക്കാൻ ‘വാർ’ ഒന്നും വേണമെന്നില്ല. നല്ല കണ്ണ് ഉണ്ടായാൽ മാത്രം മതി. ഐഎസ്എലിൽ ‘ഐ ടെസ്റ്റ്’ വന്നാൽ അതിനു പരിഹാരം ആയേക്കും ” മലയാള മനോരമക്ക് നല്‍കിയ കോളത്തില്‍ മുന്‍ ഇന്ത്യന്‍ താരം എഴുതി.

മൈതാനത്തെ തകര്‍പ്പന്‍ മുന്നേറ്റങ്ങളും കൗണ്ടറുകളും, ഏറ്റുമുട്ടലുകളും കണ്ട മത്സരത്തില്‍ ഇരു ടീമും കയ്യടി അര്‍ഹിക്കുന്നു എന്ന് ഐ.എം വിജയന്‍ പറഞ്ഞു. മത്സരത്തില്‍ സമര്‍പ്പണ മനോഭാവത്തോടെ കളിച്ച അല്‍വാരോ വാസ്കസിന്‍റെ കളിയാണ് മുന്‍ താരത്തിന്‍റെ മനസ്സ് കീഴടക്കിയത്.