പത്തു പേരുമായി ചുരുങ്ങി. എവേ ഗോള്‍ ആനുകൂല്യത്തില്‍ പോര്‍ട്ടോ ക്വാര്‍ട്ടറില്‍.

Cristiano Ronaldo vs Porto

പത്തു പേരുമായി ചുരുങ്ങിയ പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്‍റസിനെ എവേ ഗോളിനു തോല്‍പ്പിച്ചു ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളിനു യുവന്‍റസ് മത്സരം വിജയിച്ചപ്പോള്‍ ഇരു പാദങ്ങളിലെ സ്കോര്‍ 4-4 എന്ന തുല്യത പാലിച്ചപ്പോള്‍ എവേ ഗോളിന്‍റെ ആനുകൂല്യത്തിലാണ് പോര്‍ട്ടോയുടെ വിജയം.

എക്സ്ട്രാ ടൈമില്‍ സെര്‍ജിയോ ഒളിവേരയുടെ ഫ്രീകിക്ക് ഗോളാണ് പോര്‍ട്ടോയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ പാദം 1-2 നു തോല്‍വി നേരിട്ട യുവന്‍റസ് ആദ്യ പകുതിയില്‍ വീണ്ടും ഒരു ഗോളിനു പിന്നില്‍ പോയി. 19ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സെര്‍ജിയോ ഒളിവേരെ ലക്ഷ്യം കണ്ടു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഫെഡറിക്കോ കിയേസ ഇരട്ട ഗോള്‍ നേടി സമനിലയില്‍ എത്തിച്ചു. അതിനിടെ പോര്‍ട്ടോ താരം മെഹ്ദി ടറാമി ചുവപ്പ് കാര്‍ഡ് കണ്ട് പത്തു പേരുമായി പോര്‍ട്ടോ ചുരുങ്ങി. ഒരാളുടെ കുറവുമായി എക്സ്ട്രാ ടൈമിലേക്ക് കളി കൊണ്ടുപോയ പോര്‍ട്ടോ ഒളിവേരയുടെ ഫ്രീകിക്കില്‍ മുന്നിലെത്തി.

തൊട്ടു പിന്നാലെ അഡ്രിയാന്‍ റാബിയറ്റ് ഗോള്‍ മടക്കിയെങ്കിലും, എവേ ഗോള്‍ ആനുകൂല്യം പോര്‍ട്ടോയെ രക്ഷിച്ചു. ടൂറിനില്‍ 2 ഗോളടിച്ച പോര്‍ട്ടോ ക്വാര്‍ട്ടറില്‍ കടന്നു.